ഡല്‍ഹി: ഡല്‍ഹി സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായി പ്രഖ്യാപിച്ച വീട്ടുപടിക്കല്‍ റേഷന്‍ വിതരണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു എന്ന ആരോപണവുമായി ആംആദ്മി. പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയില്ലെന്ന് ആംആദ്മി സര്‍ക്കാര്‍ വ്യക്തമാക്കി.
ഡല്‍ഹിയിലെ ഓരോ വീട്ടുകാര്‍ക്കും അവരുടെ വീട്ടുപടിക്കല്‍ റേഷന്‍ വിതരണം ചെയ്യാനുള്ള ആഗ്രഹം ഡല്‍ഹി സര്‍ക്കാരിനുണ്ടായിരുന്നുവെന്നും, ഇത് സംസ്ഥാനത്തെ 72 ലക്ഷം പേര്‍ക്ക് ഗുണകരമായുമായിരുന്നുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അടുത്തയാഴ്ച ഇത് നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു എന്നും എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാല്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും അധികൃതര്‍ അറിയിച്ചു.
അതേ സമയം, പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി ആംആദ്മി പാര്‍ട്ടി രംഗത്തെത്തി. പിസയും ബര്‍ഗറും വസ്ത്രങ്ങളും സ്മാര്‍ട്ട് ഫോണും ഹോം ഡലിവറി നടത്തുമ്പോള്‍, കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കുള്ള റേഷന്‍ വീട്ടുപടിക്കല്‍ നല്കാന്‍ അനുവദിക്കുന്നില്ലെന്ന് ആംആദ്മി പറഞ്ഞു. പ്രധാനമന്ത്രി ഇത്ര ജനവിരുദ്ധനാകുന്നത് എന്തുകൊണ്ടാണെന്നും ആംആദ്മി ചോദിച്ചു.
എന്നാല്‍, സബ്‌സിഡികള്‍ സ്വീകരിക്കുന്ന കാര്‍ഡ് ഉടമകള്‍ താമസം മാറുന്ന സാഹചര്യത്തിലടക്കം പദ്ധതി നടപ്പാക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നാണ് പദ്ധതി നടപ്പാക്കുന്നതിനെതിരെ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിന്റെ വിശദീകരണം.