ന്യൂഡല്‍ഹി: ഇന്ധനവിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ഇടപെടണമെന്നും നീതി ആയോഗ് വൈസ് ചെയര്മാന് രാജീവ് കുമാര്‍. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കൂടിയാലുടന്‍ ഇവിടെ വില കൂട്ടേണ്ടതില്ല. ഒരു മാസം കൂടിയാല്‍ അടുത്ത മാസം കുറയും. ഇത് കണക്കിലെടുത്തുള്ള നടപടിയാണ് വേണ്ടത്.
എണ്ണവില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്കാണ്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ കാര്യമായ പങ്കില്ല. എന്നാല്‍ നയപരമായ നിര്‍ദേശങ്ങള്‍ എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കാറുമുണ്ട്. സന്തുലിതമായ തീരുമാനമാണ് വേണ്ടത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
സാമ്പത്തിക രംഗത്ത് 2022ല്‍ 9.5 മുതല്‍ 10.5 ശതമാനം വരെ വളര്‍ച്ചയുണ്ടാകും. കൊവിഡ് രണ്ടാം തരംഗം ധനക്കമ്മിയെ കാര്യമായി ബാധിക്കില്ല. മഹാമാരി കണക്കിലെടുത്ത് കൂടുതല്‍ പൊതുനിക്ഷേപം ഉണ്ടായിട്ടുണ്ട്.
വാക്സിന് പൂര്‍ണമായും നല്കിക്കഴിഞ്ഞാല് ജനം പുറത്തിറങ്ങും. അങ്ങനെയായാല്‍ ഉത്പാദന-കയറ്റുമതി മേഖലയില്‍ പുരോഗതിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു