കവരത്തി: ജനവിരുദ്ധ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ഭരണകൂടത്തിന്റെ നടപടികള്‍ക്കെതിരെ ലക്ഷദ്വീപ് ജനത ഇന്ന് നിരാഹാരം അനുഷ്ഠിച്ച് പ്രതിഷേധിക്കുന്നു. വിവിധ രാഷ്ട്രീയ കക്ഷികളും സാമൂഹ്യ സംഘടനകളും ഉള്‍പ്പെട്ടുന്ന സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്ത സമരത്തില്‍ ദ്വീപ് ജനത ഒന്നടങ്കം പങ്കെടുക്കും.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് സമരം. സാധാരണ ജനങ്ങള്‍ വീട്ടിലിരുന്നും ജനപ്രതിനിധികള്‍ വിവിധ വില്ലേജ് പഞ്ചായത്തുകള്‍ക്കു മുന്നില്‍ കറുത്ത ബാഡ്ജ് കെട്ടിയും നിരാഹാര സമരത്തില്‍ പങ്കാളികളാവും.
അഡ്മിനിസ്ട്രേറ്ററെ പുറത്താക്കുക, കരിനിയമങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള പ്ലക്കാര്‍ഡുകളും സമരത്തിന്റെ ഭാഗമായി വീട്ടുമുറ്റങ്ങളില്‍ ഉയര്‍ത്തും. ജനവിരുദ്ധ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ഭരണകൂടത്തിനെതിരെയുള്ള സമരപരിപാടികളുടെ ആദ്യപടി എന്ന നിലയിലാണ് ഇന്നത്തെ സമരം.
ജനദ്രോഹ നടപടികള്‍ പിന്‍വലിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആവിഷ്കരിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ തീരുമാനം.