കൊടകര കള്ളപ്പണ കവര്‍ച്ചകേസില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കുരുക്ക് മുറുകുന്നു. കവര്‍ന്ന കള്ളപ്പണത്തിന് ബിജെപി ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. പണം കവര്‍ച്ച ചെയ്യപ്പെട്ടശേഷം ധര്‍മരാജന്‍ ആദ്യം വിളിച്ചത് ബിജെപിയിലെ ഏഴ് നേതാക്കളെയാണ്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്റെ നമ്പറിലേക്കും വിളി പോയി. ഈ നമ്പറിലേക്ക് 24 സെക്കന്റാണ് ഫോണ്‍ കോള്‍ പോയത്. മറ്റു നേതാക്കളുമായി 30 സെക്കന്റോളവും സംസാരിച്ചു.
അതിനിടെ കെ സുരേന്ദ്രന്റെ മകനെ മൊഴിയെടുക്കാന്‍ വിളിച്ചുവരുത്താനും സാധ്യതയുണ്ട്. ഹരികൃഷ്ണന്‍ തന്നെയാണോ നമ്പർ ഉപയോഗിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
മൂന്നര കോടിയോളം രൂപയാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. പണം ആലപ്പുഴയിലേക്കാണ് കൊണ്ടുപോയത് എന്നതായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ഇത് കോന്നിയിലേക്കാണ് കൊണ്ടുപോയതെന്നും സൂചനയുണ്ട്.
അതിനിടെ കൊടകര കുഴല്‍പ്പണക്കേസ് നിയമസഭയില്‍ ഉന്നയിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. അടിയന്തര പ്രമേയമായി ആണ് വിഷയം ഉന്നയിക്കുക. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രി വിശദീകരിക്കും.
അതിനിടെ കെ സുരേന്ദ്രനും സംസ്ഥാന നേതൃത്വത്തിനുമെതിരെ ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്തത് സംസ്ഥാന അധ്യക്ഷന്റെയും മറ്റും നേതൃത്വത്തിലാണ്. അതിനാല്‍ പാളിച്ചകള്‍ വന്നാല്‍ ഉത്തരവാദിത്വം നേതൃത്വത്തിനാണ്.
തെരഞ്ഞെടുപ്പ് ഫണ്ട് വിതരണത്തില്‍ പല മണ്ഡലങ്ങളിലും പരാതികളുണ്ടെന്ന് കൃഷ്ണദാസ് പക്ഷം പറഞ്ഞു.