തീരുമാനം മുഖ്യമന്ത്രിയുടേത്
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ കാലാവധി അവസാനിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തുടര്‍ നടപടികള്‍ക്കായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അഭിപ്രായം തേടി പൊതുഭരണവകുപ്പ്. ഇതു സംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പരിഗണനയിലാണ്.
സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട ആരോപണങ്ങളും അറസ്റ്റുമാണ് ശിവശങ്കറിന്റെ സസ്പെന്‍ഷനിലേക്ക് നയിച്ചത്. ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു 2020 ജൂലൈ 16ന് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. കേസില്‍ ശിവശങ്കറിന്റെ പങ്കിനെ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ സര്‍ക്കാരിന് കൈമാറിയിട്ടില്ല.
ശക്തമായ തെളിവുകള്‍ കോടതിയിലെത്തിക്കാനും കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സമിതിയുടെ കണ്ടെത്തലുകള്‍ ഗുരുതര കുറ്റകൃത്യമല്ലാത്തതിനാല്‍ സര്‍ക്കാരിനു വേണമെങ്കില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാം.
2023 ജനുവരി വരെ ശിവശങ്കറിനു സര്‍വീസുണ്ട്. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയ ശേഷമായിരിക്കും തുടര്‍ നടപടി. അഴിമതി കേസുകളില്‍ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ മുമ്പ് സസ്‌പെന്‍ഷന് ശേഷം സര്‍വീസിലേക്കു തിരിച്ചു വന്നിട്ടുണ്ട്.
ക്രിമിനല്‍ കുറ്റത്തിന് അന്വേഷണമോ വിചാരണയോ നേരിടുന്ന ഐ എ എസ്സ് ഉദ്യോഗസ്ഥനെ സംസ്ഥാന സര്‍ക്കാരിന് സസ്‌പെന്‍ഡ് ചെയ്യാം. അഴിമതിക്കേസ് അല്ലെങ്കില്‍ സസ്‌പെന്‍ഷന്‍ കാലാവധി ഒരു വര്‍ഷമാണ്. അതിനുശേഷം സസ്‌പെന്‍ഷന്‍ കാലാവധി നീട്ടണമെങ്കില്‍ കേന്ദ്രത്തിന്റെ അനുമതി വേണം. ഇല്ലെങ്കില്‍ സസ്‌പെന്‍ഷന്‍ സ്വമേധയാ പിന്‍വലിക്കപ്പെടും.
പരമാവധി രണ്ടു വര്‍ഷം മാത്രമേ ഐഎഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഷനില്‍ നിര്‍ത്താന്‍ കഴിയൂ. ആദ്യം 30 ദിവസത്തേക്കും പിന്നീട് 60ഉം 90ഉം ദിവസങ്ങളായാണ് സസ്‌പെന്‍ഷന്‍ നല്‍കുന്നത്.