തിരുവനന്തപുരം: കൊടകരയില് കാറില് കടത്താന് ശ്രമിച്ച കള്ളപ്പണം തട്ടിയെടുക്കാന് ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ഗൗരവമായ അന്വേഷണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില് പറഞ്ഞു. കേസിന്റെ വിവരങ്ങള് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഷാഫി പറമ്ബിലിന്റെ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നല്കുകയായിരുന്നു മുഖ്യമന്ത്രി. “നടക്കാന് പാടില്ലാത്ത കുറ്റകൃത്യമാണ് നടന്നിട്ടുള്ളത്. ശക്തമായ വഴികളിലൂടെയാണ് പോലീസ് നീങ്ങുന്നത്. അതിന്റെ ഭാഗമായാണ് സ്പെഷ്യല് ഇന്വെസ്റ്റിഗേഷന് ടീം അന്വേഷണം നടത്തുന്നത്. ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. നാടിന്റെ ജനാധിപത്യവ്യവസ്ഥയെ തകര്ക്കാനുള്ള നീക്കം നടന്നെങ്കില് അതുമായി ബന്ധപ്പെട്ട കാര്യം കൂടി പുറത്തുവരും.”-അദ്ദേഹം വ്യക്തമാക്കി.
വ്യാജവാര്ത്തകള് സൃഷ്ടിക്കല്, അന്വേഷണം വഴിതിരിച്ചുവിടല്, രാഷ്ട്രീയ പ്രതിയോഗികളെ തേജോവധം ചെയ്യല് എന്നീ ലക്ഷ്യങ്ങളോടെ കേന്ദ്ര ഏജന്സികള് നടത്തിയ പ്രൊഫഷണലിസം ഇല്ലാത്ത അന്വേഷണത്തെ ന്യായീകരിച്ച് നടന്ന കോണ്ഗ്രസും ബിജെപിയും സൃഷ്ടിച്ച പുകമറയ്ക്കു പിന്നിലാണ് കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ആഭിമുഖ്യത്തില് നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് നടന്നിരിക്കുന്ന സ്രോതസ്സ് വെളിപ്പെടുത്താന് കഴിയാത്ത പണത്തിന്റെ ഒഴുക്ക്. ഇതെല്ലാം ജനങ്ങള് തിരിച്ചറിയുകയും വ്യാജപ്രചാരണങ്ങളെ തള്ളിക്കളയുകയും ചെയ്തുവെന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയാണ്-മുഖ്യമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഇന്ത്യയില് ജനാധിപത്യവ്യവസ്ഥയ്ക്കുമേല് വന്തോതിലുള്ള അഴിമതി പരത്തിയ കരിനിഴലും കള്ളപ്പണം നമ്മുടെ സാമ്ബത്തിക അസമത്വങ്ങളെ വര്ദ്ധിപ്പിക്കുന്നതിന് നടത്തിയ പങ്കും തുറന്നുകാട്ടാന് നിരന്തര സമരങ്ങളില് ഏര്പ്പെട്ടത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. കള്ളപ്പണത്തിന്റെ വളര്ച്ചയ്ക്ക് വളക്കൂറുള്ള മണ്ണൊരുക്കിയ കോണ്ഗ്രസും അതിനെ പൂര്വ്വാധികം ശക്തിയായി പ്രോത്സാഹിപ്പിക്കുന്ന് ബിജെപിയും ഒന്നിച്ചാണ് കേരളത്തില് ഇടതുപക്ഷ പ്രസ്ഥാനങ്ങളെ താറടിക്കാന് ശ്രമിക്കുന്നു എന്നത് കേവലം യാദൃശ്ചികമല്ല.
കള്ളപ്പണത്തിന്റെ വളര്ച്ച തടയുകയും നികുതി സംവിധാനങ്ങള് ശാക്തീകരിക്കുകയും അതുവഴി പൊതുഖജനാവില് എത്തുന്ന പണം പാര്ശ്വവത്ക്കരിക്കപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിന് വിനിയോഗിക്കുകയും ചെയ്യണമെന്നാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ശക്തമായി നിലപാട്-അദ്ദേഹം ചൂണ്ടിക്കാട്ടി.
കോഴിക്കോട് ചേളന്നൂര് സ്വദേശിയായ ഷംജീറിന്റെ ഉടമസ്ഥതയിലുളള KL56 G 6786 നമ്ബര് കാറില് കോഴിക്കോട് നിന്നും ആലപ്പുഴയിലേക്ക് കൊണ്ടുപോയ 25 ലക്ഷം രൂപയും കാറും 3.04.2021 പുലര്ച്ചെ നാലര മണിയോടെ തൃശ്ശൂര് കൊടകര ബൈപ്പാസില് വച്ച് ഒരു സംഘം ആളുകള് കവര്ച്ച ചെയ്തു എന്ന് പരാതി ഉണ്ടായി. ഇതു സംബന്ധിച്ച് ഷംജീര് കൊടകര പോലീസ് സ്റ്റേഷനില് ഹാജരായി മൊഴി നല്കി. അതിന്റെയടിസ്ഥാനത്തില് IPC 395 വകുപ്പ് പ്രകാരം ക്രൈം.146/21 ആയി കേസ് രജിസ്റ്റര് ചെയ്ത് കൊടകര പോലീസ് സ്റ്റേഷന് SHO അന്വേഷണം നടത്തിയിട്ടുണ്ട്.
പരാതിക്കാരനായ ഷംജീറിനെയും പണം ഏല്പ്പിച്ചയച്ച കോഴിക്കോട് സ്വദേശി ധര്മ്മരാജനെയും വിശദമായി ഇതു സംബന്ധിച്ച് ചോദ്യം ചെയ്തു. കവര്ച്ച ചെയ്യപ്പെട്ട കാറില് മൂന്നരക്കോടി രൂപ ഉണ്ടായിരുന്നതായി ചോദ്യം ചെയ്യലില് വ്യക്തമായി. അതിന്റെ അടിസ്ഥാനത്തില് മേല് നമ്ബര് കേസില് IPC 412, 212, 120 (B) എന്നീ വകുപ്പുകള് കൂട്ടിച്ചേര്ത്തു. തുടര്ന്ന് തൃശ്ശൂര് റൂറല് ജില്ലാ പോലീസ് മേധാവിയുടെ 25.04.2021 ലെ ഉത്തരവ് പ്രകാരം ചാലക്കുടി DySP കേസിന്റെ അന്വേഷണം ഏറ്റെടുത്തു.
തുടര്ന്ന് സംസ്ഥാന പോലീസ് മേധാവിയുടെ 5.05.2021 ലെ ഉത്തരവ് പ്രകാരം കേസിന്റെ അന്വേഷണത്തിനായി തൃശ്ശൂര് റെയ്ഞ്ച് DIG യുടെയും എറണാകുളം ക്രൈം ബ്രാഞ്ച് SP യുടെയും മേല്നോട്ടത്തില് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായി പാലക്കാട് DySP യെ ചുമതലപ്പെടുത്തുകയും അന്വേഷണ സംഘം 10.05.2021 മുതല് കേസിന്റെ അന്വേഷണം ഏറ്റെടുത്ത് നടത്തിവരുകയുമാണ്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി 96 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. 20 പ്രതികളെ അറസ്റ്റ് ചെയ്ത് നിയമനടപടികള് സ്വീകരിച്ചിട്ടുമുണ്ട്. അറസ്റ്റ് ചെയ്ത പ്രതികള് എല്ലാവരും ജുഡീഷ്യല് കസ്റ്റഡിയിലാണ്. കവര്ച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപയില് ഒരു കോടി ഒരു ലക്ഷത്തി പന്ത്രണ്ടായിരത്തിയൊന്ന് രൂപയും കവര്ച്ച ചെയ്ത പണം ഉപയോഗിച്ച് വാങ്ങിയ 347 ഗ്രാം സ്വര്ണ്ണാഭരണങ്ങളും മൊബൈല്ഫോണുകളും വാച്ചുകളും കണ്ടെടുത്തിട്ടുണ്ട്. അന്വേഷണം ഊര്ജ്ജിതമായി നടന്നുവരുന്നു.
എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചിന് സോണല് ഓഫീസില് നിന്നും 27.05.2021 കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള് ആവശ്യപ്പെട്ട് കത്ത് നല്കിയിട്ടുണ്ട്. ആവശ്യമായ വിവരങ്ങള് അന്വേഷണ ഉദ്യോഗസ്ഥന് 01.06.2021 ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്കിയിട്ടുണ്ട്. അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുകയാണ്.
സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഇന്ത്യയില് കള്ളപ്പണത്തിന്റെ വ്യാപനം വലിയ തോതില് നടന്നുവെന്നത് നിസ്തര്ക്കമാണ്. കേന്ദ്രസര്ക്കാര് തന്നെ ഇക്കാര്യം വിശകലനം ചെയ്യാനും നിര്ദ്ദേശങ്ങള് സമര്പ്പിക്കാനും പല സമിതികളെ നിയമിച്ചിട്ടുണ്ട്. ഇതില് ആദ്യത്തേതാണ് 1950 കളില് നിയമിക്കപ്പെട്ട നിക്കളോസ് കല്ദോര് കമ്മിറ്റി. അതിനു ശേഷം 1969ല് നിയമിക്കപ്പെട്ട വാഞ്ചൂ കമ്മിറ്റി ഇന്ത്യയില് കള്ളപ്പണത്തിന്റെ അനുമാനം നടത്തി. 1800 കോടി രൂപയാണ് 1968-69 ല് ഇന്ത്യയില് നിലവില് ഉണ്ടായിരുന്ന കള്ളപ്പണമെന്ന് കമ്മിറ്റി കണ്ടെത്തി.
ഇതിനു ശേഷം 1984 ല് കള്ളപ്പണത്തെപ്പറ്റി പഠനം നടത്താന് കേന്ദ്ര ധനമന്ത്രാലയം മറ്റൊരു വിദഗ്ധ സമിതിയെ നിയമിച്ചു. അവരുടെ കണ്ടെത്തല് ആഭ്യന്തര വരുമാനത്തിന്റെ 21 ശതമാനത്തോളം കള്ളപ്പണത്തിന്റെ വലിപ്പം വരുമെന്നാണ്. അതായത്, 48,422 കോടി രൂപയാണ് 1983-84 ല് കള്ളപ്പണമായി ഇന്ത്യാ ഗവണ്മെന്റിന്റെ സമിതിതന്നെ അനുമാനിച്ചത്. അതിനുശേഷം 2013-14 ല് 162 രാജ്യങ്ങളിലെ നിഴല് സമ്ബദ്ഘടനയെപ്പറ്റി പഠനം നടത്തിയ സാമ്ബത്തികവിദഗ്ധര് കണ്ടെത്തിയത് 2013-14 ല് ഇന്ത്യയില് കള്ളപ്പണത്തിന്റെ തോത് ആഭ്യന്തരവരുമാനത്തിന്റെ 22 ശതമാനമാണെന്നാണ്.
ആഭ്യന്തര വരുമാനം വളരുന്ന സംഖ്യയായതിനാല് 2013-14 ല് കള്ളപ്പണത്തിന്റെ കണക്ക് 25.53 ലക്ഷം കോടിയായാണ് കണക്കാക്കിയത്. സമ്ബദ്ഘടനയുടെയും നികുതി വരുമാനത്തിന്റെയും വളര്ച്ച വലിയ വേഗം കൈവരിച്ചില്ലെങ്കില് പോലും കള്ളപ്പണത്തിന്റെ വളര്ച്ച അഭൂതപൂര്വ്വമായ ഗതിവേഗമാണ് രേഖപ്പെടുത്തിയത്.
1968 മുതല് 1984 വരെ 25 ഇരട്ടി വളര്ന്ന കള്ളപ്പണം 2013-14 ല് 50 ഇരട്ടിയാണ് വളര്ന്നത്. ഇതെല്ലാം തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നതിനും ഭൂമിയിലെയും ഓഹരി വിപണിയിലെയും ഊഹകച്ചവടത്തിനുമാണ് ഉപയോഗിക്കപ്പെട്ടത്. ചുരുക്കത്തില് ജനാധിപത്യ വ്യവസ്ഥയുടെ അന്തഃസത്തയെ ചോര്ത്തിക്കളയുന്ന രീതിയിലാണ് കള്ളപ്പണത്തിന്റെ അതിവേഗ വളര്ച്ചയുണ്ടായത്.
ഉദാരവത്ക്കരണവും നിയന്ത്രണങ്ങള് നീക്കം ചെയ്യലും കള്ളപ്പണം താനേ ഇല്ലാതാകുന്നതിന് കാരണമാകുമെന്നാണ് അക്കാലത്തെല്ലാം അധികാരത്തിലുണ്ടായിരുന്ന സര്ക്കാരുകള് പ്രചരിപ്പിക്കുന്നത്. എന്നാല്, കണക്കുകള് സൂചിപ്പിക്കുന്നത് മറിച്ചാണ്. കോഴ ഇടപാടുകളും പൊതുമുതല് കൊള്ളയടിക്കലും വന്തോതില് കള്ളപ്പണത്തിന്റെ വളര്ച്ചക്ക് കാരണമായിത്തീരും. ഇങ്ങനെ ഉത്ഭവിക്കുന്ന കള്ളപ്പണത്തിന്റെ ഒരു ഭാഗം വിദേശത്തേക്ക് പോകുന്നത് പിന്നീട് ഹവാലപണമായി തിരിച്ചുവരുന്നതും പരക്കെ അറിയപ്പെടുന്ന വസ്തുതകളാണ്.
ഇത്തരത്തില് വിദേശത്ത് കടത്തിയ കള്ളപ്പണം കണ്ടെത്തി രാജ്യത്തേക്ക് കൊണ്ടുവരുമെന്നും സാധാരണക്കാരന് ആളോഹരി 15 ലക്ഷം രൂപയുടെ ഗുണം ലഭിക്കുമെന്നുമാണ് ബിജെപി 2014 ലെ തിരഞ്ഞെടുപ്പ് കാലത്ത് പ്രചരിപ്പിച്ചത്. അധികാരത്തില് വന്ന് 100 ദിവസത്തിനുള്ളില് വിദേശത്തുനിന്നുള്ള കള്ളപ്പണം നാട്ടിലെത്തിക്കുമെന്നായിരുന്നു വാഗ്ദാനം. കണ്ടുകെട്ടിയ എത്ര കള്ളപ്പണം നാട്ടിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്ന് ഇന്നുവരെ ജനങ്ങളോട് പറയാന് കേന്ദ്രത്തിന്റെ ബിജെപി സര്ക്കാര് തയ്യാറായിട്ടില്ല. തിരിച്ചുകൊണ്ടുവന്ന പണത്തില് നിന്നും ആര്ക്കും ഒരു പൈസ കിട്ടിയതായി അറിവായിട്ടില്ല.
2011 ല് യുപിഎ രണ്ടാം സര്ക്കാരിന്റെ കാലത്ത് ഇന്ത്യയിലെ കള്ളപ്പണത്തിന്റെ തോത് എത്രയാണെന്ന് കണക്കാക്കാനും പരിഹാരനിര്ദ്ദേശങ്ങള് സമര്പ്പിക്കാനും മൂന്ന് സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിരുന്നു. നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്സ് & പോളിസി, നാഷണല് കൗണ്സില് ഫോര് അപ്ലൈഡ് ഇക്കണോമിക് റിസര്ച്ച്, നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്ഷ്യല് മാനേജ്മെന്റ് എന്നിവയായിരുന്നു ഈ സ്ഥാപനങ്ങള്. ഇവ മൂന്ന് റിപ്പോര്ട്ടുകള് കേന്ദ്രസര്ക്കാരിന് സമര്പ്പിച്ചിട്ടുണ്ട്.
ആദ്യത്തെ റിപ്പോര്ട്ട് സമര്പ്പിച്ചത് രണ്ടാം യുപിഎ സര്ക്കാരിന്റെ ഭരണകാലത്ത് 2013 ഡിസംബര് 30 നാണ്. മറ്റു രണ്ടു റിപ്പോര്ട്ടുകളും സമര്പ്പിക്കപ്പെട്ടത് ആദ്യത്തെ എന്ഡിഎ സര്ക്കാരിന്റെ കാലത്താണ്. (2014 ജൂലായ് 18 നും 2014 ആഗസ്റ്റ് 21 നുമാണ്) ഈ മൂന്നു റിപ്പോര്ട്ടുകളും പൊതുമണ്ഡലത്തില് വയ്ക്കാന് കേന്ദ്ര സര്ക്കാരുകള് തയ്യാറായിട്ടില്ല. സുതാര്യതയില്ലായ്മയ്ക്ക് ഇതില്പ്പരം ഒരു ഉദാഹരണം ആവശ്യമില്ല. റിപ്പോര്ട്ടുകള് പുറത്തുവരാത്തതിന്റെ മുഖ്യ കാരണം സമ്ബദ്വ്യവസ്ഥയിലെ കള്ളപ്പണത്തിന്റെ തോത് ക്രമാതീതമായി ഉയര്ന്നുവെന്ന കണ്ടെത്തലുകളാണ് എന്നാണ് പത്രറിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്.
2016 നവംബര് 8 ന് നോട്ട് നിരോധനം നടപ്പാക്കിയപ്പോള് കേന്ദ്രസര്ക്കാര് ജനങ്ങളോട് പറഞ്ഞത് ഇത് കള്ളപ്പണം ഇല്ലായ്മ ചെയ്യാനുള്ള സാമ്ബത്തിക ശസ്ത്രക്രിയയാണെന്നാണ്. കറന്സിയുടെ ചംക്രമണം കുറയുമ്ബോള് കള്ളപ്പണം കുറയുമെന്നും നമ്മുടെ സമ്ബദ്ഘടനയില് ആഭ്യന്തരവരുമാനത്തിന്റെ 12 ശതമാനം കറന്സിയാണെന്നും ഇത് 6 ശതമാനമായി കുറയ്ക്കാന് കഴിയുമെന്നും നോട്ടുനിരോധനം ഈലക്ഷ്യത്തിലേക്കുള്ള മാര്ഗ്ഗമാണെന്നുമാണ് കേന്ദ്രസര്ക്കാര് അന്ന് പറഞ്ഞത്.
എന്നാല്, നോട്ടുനിരോധനത്തിനു ശേഷം 5 വര്ഷം കഴിയാന് പോവുകയാണ്. കറന്സി ആഭ്യന്തരവരുമാനത്തിന്റെ 14 ശതമാനമാണിപ്പോള്. അസംഘിടിത മേഖല്യ്ക്കും സാധാരണക്കാരനും ധാരാളം ദുരന്തം വിതച്ചതൊഴിച്ചാല് മറ്റെന്താണ് നോട്ടുനിരോധനം വഴി കൈവരിക്കാന് കഴിഞ്ഞെതെന്ന് നാം പരിശോധിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പില് കള്ളപ്പണത്തിന്റെ ഇടപെടല് ജനാധിപത്യത്തെ അട്ടിമറിക്കലാണെന്നത് ആരും എടുത്തുപറയേണ്ട കാര്യമില്ല.
രാഷ്ട്രീയ പാര്ട്ടികളുടെ ഫണ്ടിംഗില് സുതാര്യത വേണമെന്ന ആവശ്യം പല കോണുകളില് നിന്നും ഉയര്ന്നുവരവെ അതിനെ പരിഹസിക്കുന്ന രീതിയിലാണ് ഇലക്‌ട്രല് ബോണ്ടുകള് പുറപ്പെടുവിക്കുവാന് കേന്ദ്ര സര്ക്കാര് നിയമനിര്മ്മാണം നടത്തിയത്. കള്ളപ്പണം ആവശ്യത്തിന് തിരഞ്ഞെടുപ്പില് ഒഴുകിയെത്താന് എല്ലാവിധ സൗകര്യങ്ങളും ചെയ്യുന്നതാണ് ഈ നിയമനിര്മ്മാണം-മുഖ്യമന്ത്രി പറഞ്ഞു.