പാകിസ്ഥാനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ അപകടം; 30 മരണം, 50 പേര്‍ക്ക് പരിക്ക്

കറാച്ചി: പാകിസ്ഥാനില്‍ എക്സ്പ്രസ് ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ അപകടം. സിന്ധ് പ്രവിശ്യയിലെ ​ഗോഡ്കി ജില്ലയിലുണ്ടായ അപകടത്തില്‍ 30 യാത്രക്കാര്‍ മരിച്ചു. അപകടത്തില്‍ 50 പേര്‍ക്ക് പരിക്കേറ്റതായും ​ഗോഡ്കി ഡെപ്യൂട്ടി കമ്മീഷണര്‍ ഉസ്മാന്‍ അബ്ദുള്ള പറഞ്ഞു.

ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് പോകുകയായിരുന്ന സര്‍ സയിദ് എക്സ്പ്രസും കറാച്ചിയില്‍ നിന്ന് സര്‍​ഗോദയിലേക്ക് പോകുകയായിരുന്ന മില്ലത്ത് എക്സ്പ്രസുമാണ് കൂട്ടിയിടിച്ചത്. പാളം തെറ്റിയ മില്ലത്ത് എക്സ്പ്രസ് സര്‍ സയിദ് എക്സ്പ്രസില്‍ ഇടിക്കുകയായിരുന്നു.

പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. അപകട കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം  ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. പതിനാലോളം ബോ​ഗികള്‍ പാളം തെറ്റിയതായും ഇതില്‍ എട്ടോളം ബോ​ഗികള്‍ പൂര്‍ണമായും തകര്‍ന്നതായും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

അപകടത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടുക്കം രേഖപ്പെടുത്തി. കൂടുതല്‍ മെഡിക്കല്‍ സംഘത്തെ അയയ്ക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും റെയില്‍വേ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയതായും പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനും മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാനും ഇമ്രാന്‍ ഖാന്‍ നിര്‍ദേശിച്ചു.

spot_img

Related Articles

Latest news