ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ചതിനു കേസെടുത്തതിന് പിന്നാലെ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബെര്‍ഗ് വീണ്ടും. താന്‍ കര്‍ഷകരുടെ സമാധാന സമരത്തിനൊപ്പമാണെന്നും ഒന്നിനും പേടിപ്പിച്ച് നിര്‍ത്താനാവില്ലെന്ന മുന്നറിയിപ്പുമായാണ് ഗ്രെറ്റ സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും രംഗത്തെത്തിയത്. ക്രിമിനല്‍ ഗൂഢാലോചനയും സംഘങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താനുള്ള ശ്രമവും ആരോപിച്ചാണു ഗ്രേറ്റയ്ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തത്.
‘താന്‍ ഇപ്പോഴും കര്‍ഷകരുടെ സമാധാന സമരത്തിനൊപ്പം നില്ക്കുന്നു. വെറുപ്പ്, ഭീഷണി, മനുഷ്യാവകാശങ്ങളുടെ ലംഘനം എന്നിവയൊന്നും ഇതില്‍ മാറ്റമുണ്ടാക്കില്ല’ ഗ്രേറ്റ ട്വീറ്റ് ചെയ്തു. സമരത്തെ പിന്തുണച്ചുള്ള ഗ്രേറ്റയുടെ ട്വീറ്റുകള്‍ ചര്‍ച്ചയായിരുന്നു. ഗ്രേറ്റയ്ക്കെതിരെ പൊലീസ് എഫ്ഐആര്‍ ഇട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും പ്രതിയാക്കിയിട്ടില്ലെന്നാണു പൊലീസിന്റെ വിശദീകരണം.
അതേസമയം, ഡല്‍ഹിയിലെ കര്‍ഷക സമരത്തിനു വിദേശ രാജ്യങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. പോപ് താരം റിഹാനയും ഗ്രേറ്റയും മറ്റു സെലിബ്രിറ്റികളും പിന്തുണ പ്രഖ്യാപിച്ചതു വലിയ ചര്‍ച്ചയായതോടെ സംഭവത്തില്‍ വിദേശ ഗൂഢാലോചന സംശയിച്ചു ബിജെപി രംഗത്തെത്തി.
ബിജെപി നേതാവ് കപില്‍ മിശ്രയാണു തുടര്‍ച്ചയായ ട്വീറ്റുകളിലൂടെ ആരോപണങ്ങള്‍ ഉന്നയിച്ചത്. ‘ഇന്ത്യയില്‍ വന്‍ അക്രമങ്ങളും കലാപങ്ങളും സംഘടിപ്പിക്കാനുള്ള രാജ്യാന്തര ഗൂഢാലോചനയാണെന്ന് ഇപ്പോള്‍ വ്യക്തമായി. വന്‍തോതില്‍ ധനസഹായം കിട്ടുന്ന ആസൂത്രിതമായ പ്രചാരണമാണിത്’ മിശ്ര പറഞ്ഞു.
Image courtesy : the guardian