ആലപ്പുഴ- കൊടകര കുഴൽപ്പണക്കേസിൽ പ്രതികരിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തെരഞ്ഞെടുപ്പു കാലത്ത് എല്ലാവരും കുഴൽപ്പണം കൊണ്ടുവരും. ബി.ജെ.പിക്കാർ മണ്ടന്മാർ ആയതുകൊണ്ടാണ് പിടിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിധി വിഷയത്തിലെ നിലപാടിൽ ഭരണകക്ഷിയായ ഐ.എൻ.എല്ലിനെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. വിധിയിൽ ഐ.എൻ.എൽ. ലീഗിനൊപ്പം നിന്നെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയെ കടത്തിവെട്ടി ഐ.എൻ.എൽ. അഭിപ്രായം പറഞ്ഞു. പിന്നാക്കക്ഷേമ വകുപ്പ് പേരിനു പോലും പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം സർവകക്ഷിയോഗം വരെ വിളിക്കേണ്ടി വന്നു. എന്തിനുവേണ്ടി, സമ്പത്തിനുവേണ്ടി. ന്യൂനപക്ഷമെന്ന് പറഞ്ഞ് ക്രിസ്ത്യൻ സമുദായത്തിനും മുസ്‌ലിം സമുദായത്തിനും ഭാഗംവെച്ച് കയ്യിൽ കൊടുത്തപ്പോൾ അവരിൽ ഒരു കൂട്ടർക്ക് എൺപതായി(ശതമാനം)പ്പോയി. ഒരാൾക്ക് 20(ശതമാനം) ആയിപ്പോയി. അതിൽ കോടതി അവർക്ക് നിഷേധാത്മകമായ ഒരു സമീപനം സ്വീകരിക്കുകയും ചെയ്തു. ഇവിടെ ഒന്നുംകിട്ടാത്ത ഒരു വിഭാഗം ഇവിടെയുണ്ട്. അവരെപ്പറ്റി ആരും പറയുന്നില്ല വെള്ളാപ്പള്ളി പറഞ്ഞു.
സംസ്ഥാനത്ത് പേരിന് പോലും പ്രതിപക്ഷം ഇല്ലാത്ത അവസ്ഥയാണ് ഇപ്പോഴുളളതെന്നും വെള്ളാപ്പളളി പറഞ്ഞു. ഉമ്മൻചാണ്ടിയുടെ കാലം കഴിഞ്ഞു. രമേശ് ചെന്നിത്തല നിരാശാബാധിതനായി കഴിയുകയാണ്. വി.ഡി. സതീശൻ ബഹുകേമനാണ്. നിയമസഭയിൽ തിളങ്ങാൻ സതീശന് കഴിയും. പുറത്തുള്ള പ്രവർത്തനത്തിൽ സതീശൻ വട്ടപ്പൂജ്യം ആണെന്നും വെള്ളാപ്പള്ളി പറഞ്ഞു.