സുരേന്ദ്രനെ തട്ടും; മുരളീധരനും വെട്ട്‌; അധ്യക്ഷനാകാന്‍ എ എന്‍ രാധാകൃഷ്ണന്‍

കുഴല്‍പ്പണ – കോഴക്കേസുകള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തായതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്തുനിന്ന് കെ സുരേന്ദ്രന്‍ തെറിക്കും. സുരേന്ദ്രനെ ഉടന്‍ നീക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമെന്നാണ് റിപ്പോർട്ട്. കോര്‍ കമ്മിറ്റിയംഗവും വൈസ് പ്രസിഡന്റുമായ എ എന്‍ രാധാകൃഷ്ണനെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

പുറമെ നിന്നൊരാളെ അധ്യക്ഷനായി പരീക്ഷിക്കണോയെന്നും ആലോചനയുണ്ട്. അടുത്ത് നടക്കാനിരിക്കുന്ന കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ പുറത്താകാന്‍ സാധ്യതയുള്ളതിനാല്‍ വീണ്ടും പാര്‍ടി അധ്യക്ഷനാകാനുള്ള ശ്രമം വി മുരളീധരനും തുടങ്ങി.

ഞായറാഴ്ച ചേര്‍ന്ന കോര്‍കമ്മിറ്റിയില്‍ രാധാകൃഷ്ണനും കൃഷ്ണദാസും എം ടി രമേശും ശക്തമായ ആക്രമണമാണ് സുരേന്ദ്രനും മുരളീധരനുമെതിരെ നടത്തിയത്. സുരേന്ദ്രന്‍ ഒറ്റപ്പെടുകയായിരുന്നു. സ്വന്തം പക്ഷത്തുള്ള ജോര്‍ജ് കുര്യനടക്കമുള്ളവര്‍ക്ക് പ്രതിരോധിക്കാനുമായില്ല. സുരേന്ദ്രനെ രക്ഷിക്കാന്‍ എന്തുകൊണ്ട് രംഗത്തിറങ്ങിയില്ലെന്ന് മുരളീധര പക്ഷം ചോദിച്ചു. ‘ പണം വിതരണം ചെയ്യുമ്പോള്‍ ഞങ്ങളോട് ആലോചിച്ചിരുന്നുവോ ? ’ എന്ന മറുചോദ്യമായിരുന്നു കൃഷ്ണദാസ് പക്ഷത്തുള്ളവര്‍ ഉയര്‍ത്തിയത്.

കോര്‍ കമ്മിറ്റിയിലെ വാഗ്വാദങ്ങള്‍ കേട്ട് നിശ്ശബ്ദനായിരുന്ന പ്രഭാരി സി പി രാധാകൃഷ്ണന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും തീരുമാനം. കുഴല്‍പ്പണ കേസ് പാര്‍ടിക്ക് ദേശീയ തലത്തില്‍വരെ നാണക്കേടുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. ദേശീയ മാധ്യമങ്ങളിലും സംഘപരിവാര്‍ സോഷ്യല്‍മീഡിയ ഗ്രൂപ്പുകളിലും കേരളത്തിലെ സംഭവം ചര്‍ച്ചയാണ്.

പി കെ കൃഷ്ണദാസ് പക്ഷത്തെ ശക്തനാണ് രാധാകൃഷ്ണന്‍. കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതെ മുരളീധരപക്ഷം മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. ഒടുവില്‍ കേന്ദ്രം ഇടപെട്ടാണ് ഉള്‍പ്പെടുത്തിയത്. പാര്‍ടിയില്‍ മേല്‍ക്കൈ കിട്ടുമെന്ന കേന്ദ്ര സൂചനയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് കൃഷ്ണദാസ് പക്ഷത്തിന്റെ തട്ടകങ്ങളിലൊന്നായ തൃശൂരില്‍ എ എന്‍ രാധാകൃഷ്ണന്‍ തിങ്കളാഴ്ച വാര്‍ത്താസമ്മേളനം നടത്തിയത്. അപ്പോഴും കുഴല്‍പ്പണമന്വേഷിക്കുന്ന പൊലീസുകാര്‍ സിപിഐ എം കാരാണ് എന്നേ പറഞ്ഞുള്ളൂ. സുരേന്ദ്രനെ വെള്ളപൂശാന്‍ തയ്യാറായില്ല.

അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെകൂടി താല്‍പ്പര്യത്തോടെ കേരളത്തിലെ തോല്‍വി അന്വേഷിക്കാന്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര നേതൃത്വത്തിന് നല്‍കി. ഇ ശ്രീധരന്‍, സി വി ആനന്ദബോസ്, ജേക്കബ് തോമസ് എന്നിവരെയാണ് ഇതിനായി നിയോഗിച്ചിരുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ അപക്വമായ പ്രവര്‍ത്തനം ഉണ്ടായിരുന്ന സാധ്യത പോലും ഇല്ലാതാക്കിയെന്നാണ് റിപ്പോര്‍ട്ടെന്നറിയുന്നു.

സുന്ദര കേസില്‍ 
പിടി വീഴും

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലി നല്‍കിയ കേസില്‍ പ്രതിയായതോടെ അദ്ദേഹത്തെ സംരക്ഷിക്കാനുള്ള പാര്‍ടിയുടെ ശ്രമവും പാളും. ബിജെപിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നീങ്ങുകയാണെന്നും സുരേന്ദ്രനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നുമുള്ള ബിജെപിയുടെ വാദം പൊളിക്കുന്നതാണ് കാസര്‍കോട് കോടതിയുടെ ഉത്തരവ്.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലി നല്‍കിയതാണ് കുറ്റമെങ്കിലും സുന്ദരയുടെ മൊഴിയനുസരിച്ച്‌ തട്ടിക്കൊണ്ടു പോകല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളിലും സുരേന്ദ്രനും അടുത്ത സുഹൃത്ത് സുനില്‍ നായിക്, മഞ്ചേശ്വരത്തെ സുരേഷ് നായിക്, അശോക്ഷെട്ടി എന്നിവരും പ്രതികളാകും.

സുരേന്ദ്രനുവേണ്ടി സുനില്‍ നായിക്കിന്റെ നേതൃത്വത്തിലാണ് പണം നല്‍കിയതും തട്ടിക്കൊണ്ടുപോയതും. സുന്ദരയുടെ അമ്മയോടൊപ്പം വാണി നഗറിലെ വീട്ടില്‍ സുനില്‍ നായികും മറ്റുള്ളവരും നില്‍ക്കുന്ന ചിത്രവും തെളിവായുണ്ട്. സുരേന്ദ്രനെതിരെ കാസര്‍കോട് ലഭിച്ച ശക്തമായ തെളിവുകള്‍ കൊടകര കുഴല്‍പ്പണക്കേസിലും സഹായമാകും. മഞ്ചേശ്വരത്തെ കേസില്‍ സുനില്‍ നായിക്കിനുള്ള പങ്കാളിത്തമാണ് ഇതിന് ബലമാകുക. സുനില്‍ നായിക്കാണ് സുന്ദരയുടെ വീട്ടിലെത്തി രണ്ടര ലക്ഷം അമ്മയ്ക്ക് നല്‍കിയത്.

spot_img

Related Articles

Latest news