മോങ്ങം : ചിലവിനൊത്ത് വരുമാനം ലഭിക്കാത്തതാണ് കാരണം പൊതുവെ വയലുകൾ കൃഷിയിറക്കാതെ ഒഴിച്ചിടുകയാണ് കർഷകർ. എങ്കിലും, പുതു തലമുറയ്ക്ക് പുതിയ അനുഭവങ്ങൾ പങ്കു വെച്ച് ചെറുപുത്തൂരിലെ മാങ്ങാട്ടീരി വയലിൽ മിഥുന മാസത്തിലെ നെൽകൃഷി ഞാറ് നട്ടു. വേനൽക്കാലത്ത് കൊയ്യുന്ന ഒരു വിള മാത്രമാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്.
ഗ്രാമത്തിലെ ഒരു സംഘം കർഷകരുടെ
കൂട്ടായ്മയിലാണ് ഇപ്പോൾ കൃഷിയിറക്കുന്നത്. ലാഭനഷ്ടങ്ങൾ നോക്കിയല്ല അവർ ഇതിന്
തയ്യാറാവുന്നത്, പഴയ കാല പൈതൃകങ്ങൾ കാത്ത് സൂക്ഷിക്കാനും നില നിർത്താനും ജൈവ സമ്പത്ത് , പരിസ്ഥിതി, മത്സ്യസമ്പത്ത് എന്നിവക്ക് നേരിടുന്ന വംശനാശങ്ങൾക്ക് തങ്ങളാൽ കഴിയുന്ന സംരക്ഷണത്തിനും വേണ്ടിയാണ്.
പണ്ട് കന്നിമാസത്തിലെ കൊയ്ത്ത് കാലത്ത്
പിടിച്ചിരുന്ന നാടൻ മത്സ്യങ്ങൾ പലതും
കണ്ടെത്താൻ പ്രയാസമാണ്. കരുതല , കണ്ണാൻ, ചുട്ടി, ആരൽ, കൊയ്ത്തി, തൊണ്ണി മുതലായ നാടൻ മീനുകളെ ഇപ്പോൾ കാണുന്നേയില്ല. ഇനി അവശേഷിക്കുന്നവ വരാൽ, മൊഴു, കോട്ടി, കടുങ്ങലി ,നെടുങ്കൂറ്റൻ തുടങ്ങിയ ചില ഇനങ്ങൾ മാത്രം, അവയും വിരളമാണ്.
നമ്മുടെ ശൈലികൾ മാറ്റേണ്ടതിലേയ്ക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ആധുനിക കൃഷിരീതിയും രാസകീട നാശിനി പ്രയോഗവും നിരവധി ജീവിവർഗ്ഗങ്ങളെ ഇല്ലാതാക്കി. അമിത ലാഭേഛയും അത്യാഗ്രഹവും മനുഷ്യരെ മനുഷ്യരല്ലാതാക്കിയ കാലത്താണ് ‘ഉപയോഗിക്കാം , നശിപ്പിക്കരുത് ‘ എന്ന പുതിയ ചിന്തയുമായി നമുക്കൊപ്പം ജീവിക്കേണ്ട സഹജീവികൾക്ക് കൂടി ഒരവസരം
പരിപാടിയുമായി കൂട്ടായ്മ മുന്നോട്ട് വന്നത്.
പരിപാടിക്ക് എം എ മാസ്റ്റർ, ഹുസൈൻ മാസ്റ്റർ, ബഷീർ മാസ്റ്റർ, ശശി മാസ്റ്റർ,ചെറി മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.