തിരുവമ്പാടി: രണ്ടായിരത്തിപ്പത്തിൽ ആരംഭിച്ച തിരുവമ്പാടി ഐ ടി ഐക്ക് കെട്ടിടം ഒരുങ്ങുന്നു. ഐ ടി ഐ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി ടി പി രാമകൃഷ്ണൻ ഓൺലൈനായി നിർവ്വഹിച്ചു.
തിരുവമ്പാടി പൈനാടത്ത് ലിറ്റിൽ ഫ്‌ളവർ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ ജോർജ് എം തോമസ് അദ്ധ്യക്ഷത വഹിച്ചു. 2019 ജനുവരി 25ലെ സർക്കാർ ഉത്തരവ് പ്രകാരം 6.75 കോടി രൂപയുടെ പ്രവൃത്തികൾക്കാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്.
2020 നവംബറിൽ സാങ്കേതികാനുമതിയും ലഭിച്ചു. 2025 ച.മീറ്റർ വിസ്തൃതിയിൽ നിർമ്മിക്കുന്ന കെട്ടിടത്തിന് മൂന്ന് നിലകളാണുള്ളത്. ഗ്രൗണ്ട് ഫ്‌ളോറിൽ പ്ലംബിംഗ്, ഇലക്ട്രിക്കൽ വർക്ക് ഷോപ്പുകൾ, സ്റ്റാഫ് റൂം, സ്‌റ്റോർ റൂം എന്നിവയും ഒന്നാം നിലയിൽ 3 വ്യത്യസ്ത ട്രേഡുകൾക്കുള്ള വർക്ക് ഷോപ്പുകളും, രണ്ടാം നിലയിൽ വിർച്വൽ ക്ലാസ് റൂം, ഡ്രോയിംഗ് ഹാൾ എന്നിവയുമാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ എല്ലാ നിലയിലും വരാന്തയും പ്രവേശന ലോബിയും എല്ലാ നിലയിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളും തയ്യാറാക്കും. പൊതുമരാമത്ത വകുപ്പ് ആർകിടെക്ട് വിഭാഗമാണ് ആധുനിക രീതിയിലുള്ള കെട്ടിടത്തിന്റെ രൂപകൽപന നടത്തിയിട്ടുള്ളത്.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു കളത്തൂർ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട്, മുൻ പ്രസിഡണ്ടുമാരായ ജോളി ജോസഫ്, ഏലിയാമ്മ ജോർജ്, പി ടി അഗസ്റ്റിൻ, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ലേഖ കെ, വ്യവസായിക പരിശീലന വകുപ്പ് ടെയിനിംഗ് ഡയറക്ടർ ചിത്ര കെ ഐ എ എസ്, അഡീഷണൽ ഡയറക്ടർ ഓഫ് ട്രെയിനിങ് ജസ്റ്റിൻരാജ് ബി, ശിവശങ്കരൻ കെ പി, രവികുമാർ സി, തിരുവമ്പാടി ഗവ: ഐ ടി ഐ പ്രിൻസിപ്പാൾ സുനിജ വി.കെ എന്നിവർ സംസാരിച്ചു.