തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തോല്‍വി ഉള്‍പ്പെടെ കാര്യങ്ങള്‍ അന്വേഷിച്ച് മൂന്നുപേര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിന് തൃപ്തി പോരാ.
അടുത്തിടെ ബി.ജെ.പിയിലെത്തിയ മെട്രോമാന് ഇ. ശ്രീധരന്, മുന്‍ ഡി.ജി.പി ജേക്കബ് തോമസ്, മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന സി.വി. ആനന്ദബോസ് എന്നിവരെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. ഇവര്‍ മൂവരും വെവ്വേറെ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും ചെയ്തു.
ബി.ജെ.പി നേതാക്കള്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിശദമായ മറ്റൊരു റിപ്പോര്‍ട്ട് കൂടി നല്കാന് മൂവരോടും നേതൃത്വം ആവശ്യപ്പെട്ടു. സംസ്ഥാന ബി.ജെ.പിയില്‍ പ്രശ്നങ്ങളുണ്ടെന്നും അധ്യക്ഷനായ കെ. സുരേന്ദ്രനെ മാറ്റിയതുകൊണ്ട് മാത്രം ഇവ പരിഹരിക്കപ്പെടില്ലെന്നുമുള്ള റിപ്പോര്‍ട്ടാണ് ജേക്കബ് തോമസും സി.വി. ആനന്ദബോസും നല്‍കിയതെന്നറിയുന്നു.
സംസ്ഥാന ബി.ജെ.പിയില്‍ ഗ്രൂപ്പിസമുണ്ട്. എന്നാല്‍, ഗ്രൂപ്പിസത്തെക്കാള് വ്യക്തി താല്പര്യങ്ങള്ക്കാണ് പ്രാധാന്യം നല്‍കുന്നത്. അത് സ്ഥാനാര്‍ഥി നിര്ണയത്തിലുള്പ്പെടെയുണ്ടായതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംഘടനാ പോരായ്മകള്‍ പരിഹരിക്കാന്‍ സമൂല മാറ്റം വേണമെന്ന് ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി. ബൂത്തുതലം മുതല്‍ അഴിച്ചുപണി ആവശ്യമാണെന്ന ശിപാര്‍ശയാണ് ആനന്ദബോസ് സമര്‍പ്പിച്ചത്. പ്രവര്‍ത്തകരുടെ താല്പര്യം കൂടി അറിഞ്ഞ് നേതാക്കളെ നിയോഗിക്കണം. ഇപ്പോള്‍ പരിഹാര നടപടികള്‍ തുടങ്ങിയാല്‍ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ നിര്‍ദേശമുണ്ട്.
തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നാണംകെട്ട പരാജയം ഏറ്റുവാങ്ങിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടി നിര്‍ദേശാനുസരണം മൂന്നുപേരെ അന്വേഷിക്കാന്‍ നിയോഗിച്ചത്. പിന്നീടാണ് സി.കെ. ജാനുവിനും അപര സ്ഥാനാര്‍ഥിയെ മാറ്റാനും പണം നല്‍കിയെന്നതുള്‍പ്പെടെ ആരോപണങ്ങള്‍ ഉയര്‍ന്നത്. ആ സാഹചര്യത്തിലാണ് വീണ്ടും ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുള്ളത്.