ഇപ്പോള്‍ കുത്തിവയ്ക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ വില കൊടുത്തു വാങ്ങുന്ന വാക്സിന്
തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ കോവാക്സിന് ലഭ്യമാക്കാത്തതിനാല്‍ ആദ്യ ഡോസെടുത്ത് രണ്ടാം ഡോസിന് സമയമായ പലര്‍ക്കും വാക്സിന് നല്‍കാനാകുന്നില്ല. നാലു മുതല്‍ ആറ് ആഴ്ചയ്ക്കുള്ളിലാണ് കോവാക്സിന് രണ്ടാം ഡോസെടുക്കേണ്ടതെങ്കിലും ഇതിനാവശ്യമായ ഡോസ് കേന്ദ്രത്തില്‍ നിന്നും ലഭ്യമാകുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ വില കൊടുത്തു വാങ്ങുന്ന വാക്സിന് കൂടിയാണ് ഇപ്പോള്‍ കുത്തി വയ്ക്കുന്നത്.
ഞായറാഴ്ച വരെ കേന്ദ്രം അനുവദിച്ച 48,230 ഡോസ് കോവാക്സിന് മാത്രമാണ് സംസ്ഥാനത്ത് സ്റ്റോക്കുള്ളത്. സംസ്ഥാനം വില കൊടുത്തു വാങ്ങിയ 17,450 ഡോസും ബാക്കിയുണ്ട്. 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് അടുത്ത ഡോസ് നല്കണമെങ്കില് കേന്ദ്രം കൂടുതല്‍ ഡോസ് അനുവദിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. റീജ്യണല്‍ വാക്സിന് സെന്ററുകളില്‍ കോ വാക്സിന് സ്റ്റോക്കില്ലാത്തതും പ്രതിസന്ധിയായി. 18 മുതല്‍ 44 വരെ പ്രായമുള്ളവര്‍ക്ക് സംസ്ഥാനം നേരിട്ട് വാങ്ങുന്ന കോവാക്സിനാണ് നിലവില്‍ നല്‍കുന്നത്.
രണ്ട് ഘട്ടമായി സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന കോവാക്സിന് ലോഡ് എത്താത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും ആരോഗ്യ വകുപ്പ് പ്രതിനിധി വ്യക്തമാക്കി. അതെ സമയം, കോവാക്സിന് എത്തുന്നതനുസരിച്ച് രണ്ടാം ഡോസുകാര്‍ക്ക് മുന്‍ഗണന നല്കി വിതരണം പൂര്‍ത്തിയാക്കുമെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടായെന്നും സംസ്ഥാനത്തെ വാക്സിന് വിതരണ കോഓര്‍ഡിനേഷന്‍ വിഭാഗം ഉദ്യോഗസ്ഥന് പറഞ്ഞു. ഇതിനായി കൂടുതല്‍ വാക്സിന് സംസ്ഥാനം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.