ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഈയാഴ്ച തന്നെയുണ്ടായേക്കും. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിര്‍ന്ന മന്ത്രിമാരുമായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുമായും ചർച്ച നടത്തി.
കേന്ദ്രമന്ത്രിമാരായ അമിത്ഷാ, നിതിന്‍ ഗഡ്കരി, രാജ്നാഥ് സിംഗ് സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തശേഷം മന്ത്രിസഭ പുനസംഘടിപ്പിച്ചിട്ടില്ല. അതേസമയം, ആഭ്യന്തരം, ധനകാര്യം, പ്രതിരോധം തുടങ്ങിയ വകുപ്പുകളില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.
കോവിഡ് പ്രതിസന്ധി മറികടക്കുന്നതിലടക്കം പരാജയപ്പെട്ട കേന്ദ്രത്തിനെതിരേ ജനരോഷം ശക്തമായ സാഹചര്യത്തിലാണ് പുനഃസംഘടനാ നീക്കം വേഗത്തിലായത്. ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾ അടുത്തവർഷം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനാൽ പുനഃസംഘടന വൈകരുതെന്നാണ് ബിജെപി നിലപാട്.