പ്രതിഷേധങ്ങളെ ഭീകര പ്രവര്ത്തനമാക്കരുതെന്ന് കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി : പ്രതിഷേധങ്ങളെ ഭീകരപ്രവര്‍ത്തനമായി ചിത്രീകരിക്കരുതെന്ന് ഡല്‍ഹിഹൈക്കോടതി. ‘വിയോജിപ്പുകളും വിമര്‍ശനങ്ങളും അടിച്ചമര്‍ത്താനുള്ള ഉത്സാഹത്തില്‍ പ്രതിഷേധങ്ങളും ഭീകര പ്രവര്‍ത്തനങ്ങളും തമ്മിലുള്ള വലിയ വ്യത്യാസങ്ങള്‍ കാണാതിരിക്കരുത്. പ്രതിഷേധങ്ങളെ ഭീകര പ്രവര്‍ത്തനമായി ചിത്രീകരിക്കുന്ന മനോഭാവം ശക്തിപ്പെടുന്നത് ജനാധിപത്യത്തിന് ഒട്ടും ഗുണകരമല്ല’ – ഹൈക്കോടതി കേന്ദ്ര സര്ക്കാരിനും ഡല്‍ഹി പൊലീസിനും താക്കീത് നല്‍കി.
ഡല്‍ഹി കലാപ കേസില്‍ അറസ്റ്റിലായ ‘പിഞ്ജരാ തോഡ്’ പ്രവര്‍ത്തകരായ നതാഷാ നര്‍വാള്‍, ദേവാംഗനാ കലിത, ജാമിയാ വിദ്യാര്‍ഥി ആസിഫ് ഇഖ്ബാല്‍ തന്‍ഹാ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചാണ് ജസ്റ്റിസുമാരായ സിദ്ധാര്‍ഥ് മൃദുല്‍, അനൂപ് ജെ ഭംഭാനി എന്നിവര്‍ അംഗങ്ങളായ ഡിവിഷന്‍ ബെഞ്ചിന്റെ ശ്രദ്ധേയ നിരീക്ഷണം.
2020 ഫെബ്രുവരിയില്‍ നടന്ന വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചനയില്‍ നതാഷാ നര്‍വാളിനും ദേവാംഗനാ കലിതയ്ക്കും, ആസിഫ് ഇഖ്ബാല്‍ തന്‍ഹയ്ക്കും പങ്കുണ്ടെന്നാണ് ഡല്‍ഹി പൊലീസിന്റെ ആരോപണം.
പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ഇവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധങ്ങള്‍ കലാപം ലക്ഷ്യമിട്ടുള്ള തായിരുന്നെന്നും പൊലീസ് ആരോപിച്ചു.
എന്നാല്‍, കുറ്റപത്രം വിശദമായി പരിശോധിച്ച ഹൈക്കോടതി മൂവര്‍ക്കും എതിരെ യുഎപിഎ നിയമത്തിലെ 15,17,18 വകുപ്പുകള്‍ ചുമത്തിയത് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ചു.
യുഎപിഎ രാജ്യത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് എതിരെ ചുമത്താനുള്ളതാണെന്നും അതിന്റെ ദുരുപയോഗം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു. ‘രാജ്യം നേരിടുന്ന വലിയ വെല്ലുവിളികളെ പ്രതിരോധിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പാര്‍ലമെന്റ് യുഎപിഎ പാസാക്കിയത്. ആ നിയമം ദുരുപയോഗിക്കുന്നത് പാര്‍ലമെന്റിന്റെ ഉദ്ദേശത്തെ അട്ടിമറിക്കുന്നതിന് തുല്യമാണ്. ഗൗരവമേറിയ ശിക്ഷാ വ്യവസ്ഥകള്‍ തോന്നിയത് പോലെ ചുമത്തിയാല്‍ അതിന്റെ പ്രസക്തിപോലും നഷ്ടപ്പെടും. കുറ്റാരോപിതര്‍ യുഎപിഎ പ്രകാരമുള്ള ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു, പണം സ്വരൂപിച്ചു, ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങള്‍ പ്രഥമ ദൃഷ്ട്യാ നില നില്‍ക്കുന്നതല്ല’– ഹൈക്കോടതി നിരീക്ഷിച്ചു.
നതാഷയും ദേവാംഗനയും ജെഎന്‍യുവില്‍ ഗവേഷണ വിദ്യാര്‍ഥികളാണ്. ആസിഫ് ഇഖ്ബാല്‍ തന്‍ഹ ജാമിയയില്‍ ബിഎ പേര്‍ഷ്യന്‍ (ഹോണേഴ്സ്) വിദ്യാര്‍ഥിയാണ്. 2020 മെയ്മാസത്തിലാണ് മൂവരും അറസ്റ്റിലായത്.