മലപ്പുറം ജില്ല രൂപീകൃതമായിട്ട് ഇന്നേക്ക് 52 വര്‍ഷമാകുന്നു. 1969 ജൂണ്‍ 16 ന് ആണ് ജില്ല യാഥാര്‍ഥ്യമായത്. കേരളത്തിന്റെ സാംസ്‌കാരത്തിനും സാമൂഹിക-രാഷ്ട്രീയ മുന്നേറ്റത്തിനും വലിയ സംഭാവനകള്‍ നല്‍കിയ നാടാണ് മലപ്പുറം. ഭാഷാ പിതാവായി അറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്‍ മുതല്‍ മഹാന്മാരായ കവികളും, എഴുത്തുകാരും, രാഷ്ട്രീയ-സാമൂഹിക നേതാക്കളും ജന്മം കൊണ്ട ഈ നാട് കേരള ചരിത്രത്തില്‍ തന്നെ തനതായ സ്ഥാനം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ നടന്ന ഐതിഹാസികമായ മലബാർ കലാപത്തിനും ഖിലാഫത്ത് മുന്നേറ്റത്തിനും സാക്ഷ്യം വഹിച്ച നാടാണിത്. കോഴിക്കോട് സാമൂതിരിയുടെ സൈന്യത്തിന്റെ ആസ്ഥാനമായിരുന്ന മലപ്പുറം. പുരാതന കാലം മുതല്‍ക്കുതന്നെ ചരിത്രത്തില്‍ നമുക്ക് ഇടമുണ്ട്. സമ്പന്നമായ ചരിത്രത്തിന്റെ കരുത്ത് ഇന്നും ഇവിടുത്തെ ജനങ്ങള്‍ കാത്തുസൂക്ഷിക്കുന്നു. മതേതരത്വവും പരസ്പര സ്‌നേഹവും ആതിഥ്യമര്യാദയുമാണ് മലപ്പുറത്തിന്റെ മുഖമുദ്ര.
സാക്ഷരതാ പ്രസ്ഥാനം, കുടുംബശ്രീ, അക്ഷയ, പാലിയേറ്റീവ് തുടങ്ങിയ പദ്ധതികളിലൂടെ മലപ്പുറം രാജ്യത്തിനുതന്നെ മാതൃകയായി.
വികസന രംഗത്തും വിദ്യാഭ്യാസ മേഖലയിലും ഇന്ന് നമ്മള്‍ ഏറെ മുന്നിലെത്തിയിട്ടുണ്ട്. പ്രവാസികളുടെ കഠിനാധ്വാനമാണ് ജില്ലയുടെ സാമ്പത്തിക മുന്നേറ്റത്തിന് ആക്കം കൂട്ടിയത്. ഇത് സമസ്തമേഖലയിലും ജില്ലക്ക് കുതിപ്പേകിയെന്ന കാര്യം പ്രത്യേകം പറയാതെവയ്യ.
ജില്ലയുടെ ഭരണ സാരഥ്യത്തിലേക്ക് ഞാന്‍ നിയോഗിക്കപ്പെട്ടിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സ്പര്‍ശം ഞാന്‍ ഹൃദയത്തിലറിയുന്നു. രണ്ട് പ്രളയങ്ങള്‍ക്ക് ശേഷം നമ്മള്‍ അതിജീവനത്തിന്റെ പാതയിലായിരുന്നു. ഇപ്പോഴത്തെ മഹാമാരിയുടെ ദുരിതങ്ങളെയും നമ്മള്‍ ഒന്നിച്ച് പ്രതിരോധിക്കുകയാണ്. സാഹോദര്യത്തിന്റെ കരുത്തിലാണ് നമ്മുടെ അതിജീവനം സാധ്യമാകുന്നത്. ഈ കാലം വെറുതെ കടന്നുപോകുകയല്ല, നമ്മള്‍ ഒന്നിച്ച് നേരിടുകയാണ്. ഇവിടുത്തെ ജനങ്ങള്‍ക്ക് അതിനുള്ള ഊര്‍ജവും മനസ്സുമുണ്ട് എന്നതാണ് ജില്ലയുടെ കലക്ടര്‍ എന്ന നിലയില്‍ എനിക്കും മുന്നോട്ടുപോകാനുള്ള കരുത്ത് നല്‍കുന്നത്.