ഭരണഘടനയില്‍ വിശ്വാസമുണ്ട്, നീതി വൈകുന്നു- സിദ്ദീഖ് കാപ്പന്‍

മഥുര- ഭരണഘടനയില്‍ വിശ്വാസമുണ്ടെന്നും തനിക്കെതിരെ ചുമത്തിയിരിക്കുന്നത് വ്യാജ കേസാണെന്നും യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍. നീതി വൈകിപ്പിക്കുകയാണെന്നും ഇത് പൂര്‍ണമായും വ്യാജ കേസാണെന്നും സിദ്ദീഖ് മാധ്യമങ്ങളോട് പറഞ്ഞു. മഥുരയില്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം യുപി പോലീസ് തിരികെ ജയിലിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് സിദ്ദീഖ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കിയത്. അറസ്റ്റിലായ ശേഷം ആദ്യമായാണ് സിദ്ദീഖ് മാധ്യമങ്ങളോട് സംസാരിച്ചത്.

 

സിദ്ദിഖ് കാപ്പനെതിരെ ഉത്തര്‍പ്രദേശ് പോലീസ് ആദ്യം ചുമത്തിയ കുറ്റം മഥുര കോടതി ഒഴിവാക്കി. സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിനാണ് കാപ്പനെ ഉത്തര്‍പ്രദേശ് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. എന്നാല്‍ കോടതി നിര്‍ദേശിച്ച ആറ് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിന് സാധ്യമാകാതെ വന്ന സാഹചര്യത്തിലാണ് കാപ്പനേയും ഒപ്പം അറസ്റ്റ് ചെയ്ത മൂന്ന് പേരേയും കോടതി കുറ്റവിമുക്തരാക്കിയത്. കേസ് നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കിയതായി കാപ്പന്റെ അഭിഭാഷകന്‍ അറിയിച്ചു.

 

ഹഥ്‌റസില്‍ കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടിയുടെ മരിച്ച സംഭവവും തുടർന്നുണ്ടായ പ്രതിഷേധങ്ങളും സംബന്ധിച്ച വിവരം തേടിയുള്ള യാത്രാമധ്യേ ഒക്ടോബര്‍ അഞ്ചിനാണ് കാപ്പനും ഒപ്പമുള്ളവരും മഥുര ടോള്‍ പ്ലാസയില്‍ അറസ്റ്റിലായത്. സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാരോപിച്ചായിരുന്നു അറസ്റ്റെങ്കിലും പിന്നീട്, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് കാട്ടി രാജ്യദ്രോഹം, യു.എ.പി.എ ലംഘനം, വിവരാവകാശ നിയമലംഘനം എന്നീ കുറ്റങ്ങള്‍ കാപ്പന് മേല്‍ യു.പി പോലീസ് ചുമത്തി. ഈ കുറ്റങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

കാപ്പനോടൊപ്പം അറസ്റ്റിലായ അതിഖുര്‍റഹ്‌മാന്‍, ആലം, മസൂദ് എന്നിവരേയും കോടതി ആദ്യകുറ്റത്തില്‍നിന്ന് വിമുക്തരാക്കി. അന്വേഷണ നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള കാലാവധി അവസാനിച്ചതായും പോലീസിന് മതിയായ തെളിവുകള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സാധിക്കാത്തതിനാലും കേസ് ഒഴിവാക്കുകയാണെന്നും തുടര്‍നടപടികള്‍ ഉണ്ടാകില്ലെന്നും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് റാം ദത്ത് റാമിന്റെ ഉത്തരവില്‍ പറയുന്നതായി പ്രതിഭാഗം അഭിഭാഷകന്‍ മധുപന്‍ ദത്ത് ചതുര്‍വേദി അറിയിച്ചു.

മെയ് അവസാന വാരം സമര്‍പ്പിച്ച കാപ്പന്റെ ജാമ്യാപേക്ഷ ഈ മാസം 22 ന് കോടതി പരിഗണിക്കും. കേസ് കെട്ടിച്ചമച്ചതാണെന്നും നുണപരിശോധനക്ക് തയാറാണെന്നും കാപ്പന്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. പോലീസ് കസ്റ്റഡിയില്‍ കടുത്ത പീഡനമാണ് കാപ്പന് നേരിടേണ്ടി വന്നത്. ജയിലില്‍ കഴിയുന്നതിനിടെ കോവിഡ് ബാധിതനായ കാപ്പന് മഥുരയിലും സുപ്രീം കോടതി നിര്‍ദേശപ്രകാരം ദല്‍ഹി എയിംസിലും ചികിത്സ നല്‍കിയിരുന്നു.

spot_img

Related Articles

Latest news