ജിദ- കോവിഡ് കാരണം സൗദിക്കും പാക്കിസ്ഥാനുമിടയിൽ മുടങ്ങിയ രാജ്യാന്തര വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കും. സൗദിയിലെ പാക്കിസ്ഥാൻ അംബാസിഡറാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാക് അംബാസിഡർ ലെഫ്റ്റനന്റ് ജനറൽ (റിട്ട.)ബിലാൽ അക്ബറാണ് ഇക്കാര്യം അറിയിച്ചത്. സിവിൽ ഏവിയേഷൻ അഥോറിറ്റിയുമായി എംബസി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് മുതലാണ് സൗദി രാജ്യാന്തര വിമാന സർവീസ് പുനരാരംഭിച്ചത്. കഴിഞ്ഞ മാസം അന്താരാഷ്ട്ര സർവീസുകൾ ആരംഭിച്ചെങ്കിലും പാക്കിസ്ഥാൻ അടക്കമുള്ള രാജ്യങ്ങൾ കോവിഡ് വ്യാപനം കൂടിയ റെഡ് ലിസ്റ്റ് പട്ടികയിൽ ഉൾപ്പെടുത്തിയതിനാൽ സർവീസ് അനുവദിച്ചിരുന്നില്ല. സൗദി അധികൃതരുമായി നടത്തിയ ചർച്ചയിലാണ് വിമാന സർവീസ് പുനരാരംഭിക്കാൻ തീരുമാനമായത്.
അതേസമയം, ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല. സൗദി അടക്കം ഭൂരിഭാഗം ഗൾഫ് രാജ്യങ്ങളും ഇന്ത്യയിൽനിന്ന് നേരിട്ട് സർവീസ് ആരംഭിച്ചിട്ടില്ല. സൗദിയിലെ ഇന്ത്യൻ അംബാസിഡർ ഇതുമായി ബന്ധപ്പെട്ട് സൗദി അധികൃതരുമായി ചർച്ച നടത്തിയിരുന്നു.
.