കോഴിക്കോട്: ഗള്‍ഫ് വിമാന സര്‍വിസ് പുനരാരംഭിക്കാത്തതില്‍ മനം നൊന്ത് പ്രവാസികള്‍. 10 ലക്ഷത്തിലേറെ മലയാളികളാണ് കോവിഡുമായി ബന്ധപ്പെട്ട് നാട്ടില്‍ എത്തിയത്. ഭൂരിഭാഗവും തിരിച്ചു പോവാനാവാതെ കുഴങ്ങി.
ഖത്തറിലേക്കും ബഹ്റൈനിലേക്കും മാത്രമാണ് ഇപ്പോള്‍ നാമമാത്ര സര്‍വിസുള്ളത്. എന്നാല്‍, കൂടുതല്‍ പേര് തൊഴിലെടുക്കുന്ന സൗദി, യു എ ഇ , കുവൈത്ത്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലേ ലേക്കൊന്നും ഇന്ത്യയില്‍നിന്ന് സര്‍വിസ് ഇല്ല. ഈ രാഷ്ട്രങ്ങളില്‍ തൊഴിലെടുക്കുന്ന മലയാളികളുള്‍പ്പെടെയുള്ളവര്‍ കടുത്ത ആശങ്കയിലാണ്.
ലക്ഷക്കണക്കിനാളുകളുടെ ജീവല്‍ പ്രശ്നമായിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്തുനിന്ന് വിഷയത്തില്‍ നടപടിയൊന്നും ഉണ്ടായിട്ടില്ല. പ്രവാസികളും സന്നദ്ധ സംഘടനകളും മുറവിളി കൂട്ടിയിട്ടും നടപടിയില്ല. അയല്‍ രാജ്യങ്ങളൊക്കെയും നയതന്ത്ര ബന്ധം ഉപയോഗപ്പെടുത്തി ഗള്‍ഫ് സര്‍വിസ് പുനരാരംഭിച്ചു.
ജോലി നഷ്ടം ഒഴിവാക്കാന്‍ ലക്ഷങ്ങള്‍ മുടക്കി ആഫ്രിക്ക വഴിയും യൂറോപ്പ് വഴിയുമൊക്കെ ചിലര്‍ സൗദിയിലേക്കും യു.എ.ഇയിലേക്കും പോവുന്നുണ്ട്. ചില ട്രാവല്‍ ഏജന്‍സികള്‍ ഉസ്ബകിസ്താന്‍, കസാഖ്സ്താന് വഴി അത്യാവശ്യക്കാരെ കൊണ്ടുപോവുന്നുണ്ട്.
കോവിഡ് വാക്സിനേഷന് പൂര്‍ത്തിയാക്കി ഇങ്ങനെ പോവുന്നവര്‍ ഈ രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റീനില്‍ നിന്ന ശേഷമേ കണക്ഷന് വിമാനത്തില്‍ കയറാന്‍ പറ്റൂ. അവിടെയെത്തിയാല്‍ തുടര്‍ന്നും ഏഴു ദിവസം ക്വാറന്റീനില്‍ കഴിയണം.
യാത്രക്കും ക്വാറന്റീനിനുമായി മൂന്നു ലക്ഷത്തോളം രൂപയെങ്കിലും ചെലവ് വരും. എന്നിട്ടും മറ്റു ഗതിയില്ലാത്തതിനാല്‍ ഈ കടമ്പകളൊക്കെ കടന്ന് ജോലി സ്ഥലത്തെത്താന്‍ പലരും നെട്ടോട്ടത്തിലാണ്.