കോടീശ്വരന് ഗൗതം അദ്വാനിക്ക് വെറും മൂന്നു ദിവസം കൊണ്ട് നഷ്ടമായത് 900 കോടി ഡോളര്‍. ലോകത്ത് തന്നെ ഈയാഴ്ച ഇത്രയും തുക നഷ്ടമായ മറ്റൊരു ബിസിനസുകാരനില്ല. ഇതോടെ അദ്ദേഹത്തിന്റെ ആസ്തി 6,760 കോടി ഡോളറിലെത്തിയതായി ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ദിവസങ്ങള്‍ക്കു മുമ്പ് ലോക കോടീശ്വര പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുമായുള്ള ആസ്തി വ്യത്യാസം കുത്തനെ കുറച്ച അദാനിക്കാണു ഇന്ത്യന്‍ വിപണി റെഗുലേറ്ററായ സെബിയുടെ ഇടപെടലുകള്‍ തിരിച്ചടി പകര്‍ന്നത്. കള്ളപ്പണം തടയല്‍ നിയപ്രകാരമുള്ള നാഷണല്‍ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡിന്റെ (എന്‍.എസ്.ഡി.എല്‍) വിപണികളിലെ ഇടപെടലുകളാണ് അദാനി ഗ്രൂപ്പിന് തിരിച്ചടിയായത്.
മൂന്ന് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപസ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ എന്‍.എസ്.ഡി.എല്‍. ഈയാഴ്ച ആദ്യം മരവിപ്പിച്ച വിവരം പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് ഓഹരികള്‍ തകര്‍ന്നു. കള്ളപ്പണം തടയല്‍ (പി.എം.എല്‍.എ) നിബന്ധനപ്രകാരം വിദേശ നിക്ഷേപകര്‍ ആവശ്യമായ രേഖകള്‍ നല്‍കാത്തതാണ് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കാരണം.
ആല്‍ബുല ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്, ക്രെസ്റ്റ് ഫണ്ട്, എ.പി.എം.എസ്. ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് എന്നീ നിക്ഷേപ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഈ കമ്പനികള്‍ക്കെല്ലാമായി അദാനി ഗ്രൂപ്പില്‍ 43,500 കോടി രൂപയുടെ നിക്ഷേപമാണുണ്ടായിരുന്നത്. ഈ അക്കൗണ്ടുകളുമായി അദാനി ഗ്രൂപ്പിന് നേരിട്ടു ബന്ധമില്ലെന്ന് കമ്പനിയും സെബിയും പിന്നീട് വിശദീകരണം നല്‍കിയെങ്കിലും നിക്ഷേപച്ചോര്‍ച്ച തുടരുകയാണ്.