കൊച്ചി: പിണറായി വിജയൻ ആഞ്ഞടിച്ച് നടത്തിയ പത്രസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങളോട് അതുപോലെ മറുപടി പറയാൻ സാധിക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. പിണറായി വിജയന്റെ ആരോപണങ്ങളോട് പ്രതികരിക്കുകായിരുന്നു സുധാകരൻ. പി.ആർ ഏജൻസിയുടെ മറവിൽനിന്ന് പുറത്തുവന്ന യഥാർത്ഥ പിണറായിയെയാണ് കേരളം ഇന്നലെ കണ്ടതെന്നും സുധാകരൻ വ്യക്തമാക്കി. ഒരു പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭാഷയാണ് പിണറായിയിൽ കണ്ടത്. പിണറായിയുടെ അതേ നിലവാരത്തിലേക്ക് താഴാൻ പറ്റാത്തതിനാൽ ആരോപണങ്ങളോട് മാന്യമായി പ്രതികരിക്കാനാണ് ഉദ്ദേശിക്കുന്നത്.
മനോരമയിൽ വന്ന എന്റെ അഭിമുഖമാണ് പിണറായിയെ പ്രകോപിപ്പിച്ചത്. പിണറായിയെ ബ്രണ്ണൻ കോളേജിലിട്ട് ചവിട്ടി എന്ന് ഞാൻ പറഞ്ഞിട്ടില്ല. പിണറായിയെ ചവിട്ടിയോ എന്ന് ലേഖകൻ ചോദിച്ചപ്പോൾ അതൊന്നും പറയാനില്ല എന്നാണ് പറഞ്ഞത്. എല്ലാം ഓഫ് ദ റെക്കോർഡ് എന്ന നിലയിലാണ് പറഞ്ഞത്. എന്നാൽ അത് പാലിക്കാതെ അത് പ്രസിദ്ധീകരിച്ചത് മാധ്യമ പ്രവർത്തനത്തിന്റെ മൂല്യത്തിന് നിരക്കാത്തതാണ്. പിണറായിയെ ചവിട്ടി വലിയ ആളാകാമെന്ന് ഞാൻ കരുതുന്നില്ല. മുഖ്യമന്ത്രിയെ മാനിക്കണം എന്ന് വിചാരിക്കുന്ന ആളാണ് ഞാൻ. എന്നാൽ മുഖ്യമന്ത്രി സംസ്‌കാര ഹീനമായാണ് പ്രതികരിക്കുന്നത്.
മുഖ്യമന്ത്രിയുടെ മക്കളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നാണ് പറയുന്നത്. സ്വന്തം അനുഭവം ജനങ്ങളുടെ മുന്നിൽ എഴുതിവായിക്കേണ്ടി വരുന്ന ആരെയെങ്കിലും ഇതിന് മുമ്പ് കണ്ടിട്ടുണ്ടോ. മുഖ്യമന്ത്രിയുടെ മക്കളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ആരാണ് പറഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. ഒരു ഫിനാൻഷ്യർ പറഞ്ഞു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആരാണ് ഇക്കാര്യം മുഖ്യമന്ത്രിയോട് പറഞ്ഞത് എന്ന് വ്യക്തമാക്കണം. ഇക്കാര്യത്തെ പറ്റി എന്തുകൊണ്ട് മുഖ്യമന്ത്രി പോലീസിൽ പരാതി നൽകിയില്ല. ആരോടും പറഞ്ഞില്ലെന്നാണ് പിണറായി വ്യക്തമാക്കുന്നത്. സ്വന്തം മക്കൾക്ക് ഭീഷണിയുണ്ടെന്ന വിവരം കിട്ടിയാൽ സ്വന്തം ഭാര്യയോട് എങ്കിലും പറയില്ലേ. അത് പറഞ്ഞില്ലെങ്കിൽ പിണറായി ഒരു അച്ഛന്റെ സ്ഥാനത്ത് ഇരിക്കാൻ യോഗ്യതയുണ്ടോ.
എനിക്ക് വിദേശ കറൻസി ഇടപാടുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വിദേശ കറൻസി ഇടപാട് നടത്തിയത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് എന്ന് എല്ലാവർക്കും അറിയില്ലേ എന്നും സുധാകരൻ ചോദിച്ചു. ആരാണ് കള്ളക്കടത്ത് നടത്തിയത് എന്ന് ജനങ്ങൾക്ക് അറിയാം. മുഖ്യമന്ത്രിയുടെ വലംകൈ ആയി നടന്ന സ്വപ്‌നസുരേഷാണ് കള്ളക്കടത്ത് നടത്തിയത്. മുഖ്യമന്ത്രി വിദേശത്ത് പോകുമ്പോഴും തിരിച്ചുവരുമ്പോഴും കൂടെ സ്വപ്‌ന സുരേഷാണ് കൂടെയുണ്ടായിരുന്നത്. സ്ഥിരം കള്ളം പറയുന്ന പിണറായിയെ കേരളത്തിലെ കൊച്ചുകുട്ടികൾ പോലും വിശ്വസിക്കില്ല. അപാരമായ തൊലിക്കട്ടിയാണ് മുഖ്യമന്ത്രിക്ക്.
മണൽ മാഫിയയുമായി എനിക്ക് ബന്ധമുണ്ടെങ്കിൽ മുഖ്യമന്ത്രി അന്വേഷിക്കണമെന്നും സുധാകരൻ വെല്ലുവിളിച്ചു. ഇതൊക്കെ അന്വേഷിക്കാനുള്ള സർക്കാറിന്റെ തലവനാണ് താങ്കൾ. അത് അന്വേഷിക്കണമെന്നും സുധാകരൻ വെല്ലുവിളിച്ചു. എന്റെ അടുത്ത് നിന്ന് വെടിയുണ്ട പിടിച്ചെടുത്തിട്ടില്ല. പുഴുങ്ങിതിന്നാനാണോ വെടിയുണ്ടയുമായി നടന്നത്. വെടിയുണ്ടയുമായി നടക്കുന്ന പിണറായിയാണോ ഇതേവരെ ഒരു തോക്കും വാങ്ങാത്ത ഞാനാണോ മാഫിയ എന്നും ജനം ചിന്തിക്കട്ടെ. എനിക്കെതിരായ ആരോപണങ്ങൾ അന്വേഷിച്ച് തെളിയിക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. എല്ലാ പ്രവർത്തനങ്ങളും സുതാര്യമായി നടത്താൻ കഴിയുന്നയാളാകണം കേരളത്തിന്റെ മുഖ്യമന്ത്രി. പിണറായി വിജയന്റെ നിർദ്ദേശാനുസരണം കണ്ണൂരിൽ കൊലപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും സഹായം നൽകിയിട്ടുണ്ട് എന്നും സുധാകരൻ പറഞ്ഞു. സി.എച്ച് മുഹമ്മദ് കോയയെ വ്യക്തിപരമായി അപമാനിക്കുന്നതെന്നും കണ്ണൂരിൽ നടന്നിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി. ബ്രണ്ണൻ കോളെജിൽ എന്നെ അർധനഗ്നനായി നടത്തി എന്ന പിണറായിയുടെ ആരോപണം ആരെങ്കിലും ഒരാൾ ശരിവെച്ചാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും സുധാകരൻ വ്യക്തമാക്കി. ഇല്ലെങ്കിൽ പിണറായി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമോ എന്നും സുധാകരൻ ചോദിച്ചു. പിണറായിയുമായുള്ള സംഘർഷം നടക്കുന്നത് 1967-ലാണെന്നും സുധാകരൻ വ്യക്തമാക്കി.