തിരുവനന്തപുരം: നാട്ടുവൈദ്യന്‍ മോഹനൻ വൈദ്യർ (65) അന്തരിച്ചു. തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വൈദ്യരെന്ന പേരിൽ അറിയപ്പെട്ടിരുന്ന മോഹനൻ ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ പ്രചാരണം നടത്തുകയും, അശാസ്ത്രീയ ചികിത്സാ രീതികളുടെ പേരിൽ വിമർശിക്കപ്പെടുകയും ചെയ്തിരുന്നു
ചികിത്സാ പിഴവിൽ ഒന്നര വയസ്സുകാരി മരിച്ചെന്ന പരാതിയിലടക്കം മോഹനനെതിരെ കേസുകളുണ്ട്. നിപ വൈറസുണ്ടെന്നത് വ്യാജപ്രചാരണമാണെന്ന് അവകാശപ്പെട്ട ഇയാൾ കൊവിഡിനെതിരെ ചികിത്സിക്കാനറിയാമെന്നും അവകാശപ്പെട്ടിരുന്നു. ഇതേത്തുടർന്ന് തൃശ്ശൂർ പട്ടിക്കാട്ടെ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ് നടത്തുകയും വൈദ്യരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
പട്ടിക്കാട്ടെ ആയുർവേദ ചികിത്സാ കേന്ദ്രത്തിന് ലൈസൻസ് ഇല്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ചികിത്സ നടത്തുന്നവർക്ക് മതിയായ യോഗ്യതയില്ലെന്നും വിതരണം ചെയ്ത മരുന്നുകൾക്ക് കൃത്യമായ പേരോ വിവരങ്ങളോ ഉണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു.