തിരുവനന്തപുരം: കെ. സുധാകരന് കെപിസിസി പ്രസിഡന്റായ ശേഷം ചേരുന്ന ആദ്യ കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗം ഇന്നു ചേരും. കെപിസിസി ഡിസിസി പുനഃസംഘടനയ്ക്കായി മാനദണ്ഡങ്ങള്‍ തയാറാക്കുന്നതാണ് രാഷ്ട്രീയകാര്യ സമിതിയിലെ മുഖ്യ ചര്‍ച്ചാവിഷയം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ അടക്കം പരാജയപ്പെട്ടവരെ കെപിസിസി ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്തണോ? തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവരെ ഡിസിസി ഭാരവാഹികളായി പരിഗണിക്കേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ഇന്നുച്ചകഴിഞ്ഞു മൂന്നിനു ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യും.
കെപിസിസിയില്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും അടക്കം കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന 20-25 ഭാരവാഹികള്‍ മതിയെന്ന അഭിപ്രായമാണു സുധാകരനുള്ളത്.
നിര്‍വാഹക സമിതി അംഗങ്ങള്‍ അടക്കം പരാമവധി 50 പേര്. ഡിസിസികളിലും ഭാരവാഹികളുടെ എണ്ണം കുറയ്ക്കും. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തിയും ജംബോ കമ്മിറ്റിയെ പിരിച്ചുവിട്ടും പുനഃസംഘടന വേണമെന്നതാണു ഹൈക്കമാന്‍ഡിന്റെയും നിര്‍ദേശം.
യുവാക്കള്‍ക്കു കൂടുതല്‍ പരിഗണന നല്‍കണോ അതോ മുതിര്‍ന്ന നേതാക്കള്‍ക്കാണോ ഭാരവാഹിപ്പട്ടികയില്‍ മുന്‍തൂക്കം നല്‍കേണ്ടത്, എത്ര വയസുവരെയുള്ളവരെ കെപിസിസി, ഡിഡിസി ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്താം തുടങ്ങിയ കാര്യങ്ങളും ചര്‍ച്ച ചെയ്യും. ഗ്രൂപ്പ് നേതാക്കളുടെ അഭിപ്രായംകൂടി ഇക്കാര്യങ്ങളില്‍ തേടുന്നുണ്ട്.
ഇതോടൊപ്പം ഒരാള്‍ക്ക് ഒരു പദവി അടക്കമുള്ള നിര്‍ദേശങ്ങളും ചര്‍ച്ചയാകും. മരം കൊള്ളയിലടക്കം സര്‍ക്കാരിനെതിരേ സ്വീകരിക്കേണ്ട സമരപരിപാടികളും യോഗം ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ രാഷ്ട്രീയ ആക്രമണമുണ്ടായാല്‍ നേതൃനിരയില്‍നിന്നു കൂട്ടായ പ്രത്യാക്രമണമോ പ്രതിരോധമോ വേണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസം ബ്രണ്ണന്‍ കോളജ് വിഷയത്തില്‍ സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുണ്ടായ വാക്പോരും ഇതുസംബന്ധിച്ച് ഏതു ഭാഗത്തു നിന്നൊക്കെ പ്രതിരോധം തീര്‍ക്കാനായി തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയാകും.