ലോകത്തിലെ ഏറ്റവും വലിയ ഇൻഹൗസ് എയർപോർട്ട് പി.സി.ആർ ടെസ്റ്റ് ലാബ്
ദുബായ് – 20,000 സ്ക്വയർ ഫീറ്റിൽ ഒരു ദിവസം ഒരു ലക്ഷം സാമ്പിൾ ശേഖരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഇൻഹൗസ് എയർപോർട്ട് പി.സി.ആർ ടെസ്റ്റ് ലാബ് സജ്ജീകരിച്ച് ദുബായ്. ദുബായ് ഇന്റർനാഷനൽ എയർപോർട്ടിലാണ് ഈ സൗകര്യം ഏർപ്പെടുത്തിയത്.
ദിനംപ്രതി ഒരു ലക്ഷം പേർക്ക് കോവിഡ് പരിശോധനക്ക് ഇവിടെ സൗകര്യമുണ്ടാകും. ആകാശവാതിലുകൾ സന്ദർശകർക്കായി തുറന്നതോടെയാണ് വിമാനത്താവളത്തിൽ തന്നെ കോവിഡ് പരിശോധനക്ക് വിപുലമായ സംവിധാനം ഒരുക്കുന്നത്.
രാജ്യത്ത് പ്രവേശിക്കുന്നവർക്കും പുറത്തു പോകുന്നവർക്കും ഈ സൗകര്യം ഉപയോഗിക്കാം. ദുബായ് എയർപോർട്ടും ദുബായ് ഹെൽത്ത് അതോറിറ്റിയും സംയുക്തമായാണ് ലാബ് സജ്ജീകരിച്ചത്. ഏതാനും മണിക്കൂറുകൾക്കകം തന്നെ ഫലം ലഭിക്കും എന്നതിനാൽ യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമായിരിക്കും ഈ ലാബ്.
ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ദുബായ്. കോവിഡ് പ്രതിരോധത്തിൽ മുൻപന്തിയിൽ നിൽക്കുന്ന യു.എ.ഇയെ കൂടുതൽ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഏറ്റവും വലിയ ലാബ് തന്നെ സജ്ജമാക്കിയത്.
വേനലവധിക്ക് വിദേശയാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ സൗകര്യം പ്രയോജനപ്രദമാകുമെന്ന് ദുബായ് എയർപോർട്സ് ചെയർമാൻ ശൈഖ് അഹ്മദ് ബിൻ സഈദ് അൽമക്തൂം പറഞ്ഞു. നാളെ മുതൽ ടെർമിനൽ രണ്ട്, മൂന്ന് വഴി ദിനംപ്രതി 66 വിമാനങ്ങളിലായി യാത്രക്കാരെത്തും.
ടെർമിനൽ രണ്ടിന് സമീപമാണ് ലാബ് ഒരുക്കിയിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കും.