തിരുവനന്തപുരം : സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് യുപിഎസ്സി മൂന്നംഗ പാനല്‍ തയ്യാറാക്കി. വിജിലന്‍സ് ഡയറക്ടര്‍ കെ സുദേഷ്കുമാര്‍, അഗ്നിസുരക്ഷാ സേനാ മേധാവി ബി സന്ധ്യ, റോഡ് സുരക്ഷാ കമീഷണര്‍ അനില്‍കാന്ത് എന്നിവരാണ് പട്ടികയില്‍. ഇതില്‍നിന്ന് ഒരാളെ സംസ്ഥാന സര്‍ക്കാരിന് പൊലീസ് മേധാവിയായി നിയമിക്കാം.
നിലവിലെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ 30ന് വിരമിക്കും. സുദേഷ് കുമാറിന് മാത്രമാണ് ഡിജിപി റാങ്കുള്ളത്. ബെഹ്റ വിരമിക്കുമ്പോൾ സന്ധ്യയും ഡിജിപിയാകും. അടുത്ത മന്ത്രിസഭാ യോഗമാണ് പൊലീസ് മേധാവിയെ തീരുമാനിക്കുക. ആദ്യമായാണ് കേരളം ഈ സ്ഥാനത്തേക്ക് യുപിഎസ്സി ചുരുക്കപ്പട്ടികയില്‍ നിന്ന് നിയമനം നടത്തുന്നത്.
സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ 12 പേരില്‍ ഏറ്റവും സീനിയറായ അരുണ്‍കുമാര്‍ സിന്‍ഹ, ടോമിന്‍ ജെ തച്ചങ്കരി എന്നിവര്‍ പട്ടികയിലില്ല. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള സിന്‍ഹ കേരളത്തിലേക്ക് മടങ്ങുന്നില്ലെന്ന് അറിയിച്ചതിനാല്‍ ഒഴിവാക്കി. തച്ചങ്കരിയെ ചുരുക്കപ്പട്ടിക തയ്യാറാക്കിയ സമിതി ഒഴിവാക്കി. തുടര്‍ന്നാണ് മൂന്നുപേരുടെ പാനല്‍ തയ്യാറാക്കിയത്.
കേരളത്തില്‍നിന്ന് ചീഫ് സെക്രട്ടറി ഡോ. വി പി ജോയിയും ലോക്നാഥ് ബെഹ്റയും സമിതിയില്‍ അംഗമാണ്. യുപിഎസ്സി ചെയര്‍മാനും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും കേന്ദ്ര പൊലീസ് സേനയുടെ ഡയറക്ടറുമാണ് മറ്റ് അംഗങ്ങള്‍. യുപിഎസ്സി നല്‍കുന്ന പട്ടികയില്‍ നിന്ന് ആരെയും സര്‍ക്കാരിന് നിയമിക്കാം.