മണ്ഡല പുനര്‍നിര്‍ണയം കഴിഞ്ഞ് തെരഞ്ഞെടുപ്പ്
ന്യൂ ഡല്‍ഹി : ജമ്മു കശ്മീരില്‍ മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തീകരിച്ചശേഷം നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച രാഷ്ട്രീയ പാര്‍ടികളുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനപദവി പുനഃസ്ഥാപിക്കുന്നതടക്കം അതിനുശേഷമേ നടക്കൂ.
രാഷ്ട്രീയത്തടവുകാരെ വിട്ടയക്കുന്നതില്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കും. മണ്ഡല പുനര്‍നിര്‍ണയവുമായി രാഷ്ട്രീയ പാര്‍ടികള്‍ സഹകരിക്കണമെന്ന് പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം വിളിച്ച ആദ്യ യോഗത്തില്‍ കേന്ദ്രം അഭ്യര്‍ഥിച്ചു.
പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ ഗുപ്കാര്‍ സഖ്യം പാര്‍ട്ടികള്‍ രൂക്ഷമായി വിമര്‍ശിച്ചു. അത് പുനഃസ്ഥാപിക്കാന്‍ പോരാട്ടം തുടരുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും സിപിഐ എമ്മും ഉള്‍പ്പെട്ട ഗുപ്കാര്‍ സഖ്യം വ്യക്തമാക്കി.
സംസ്ഥാന പദവി ആദ്യം പുനഃസ്ഥാപിക്കണമെന്നും നിയമസഭാ തെരഞ്ഞെടുപ്പ് അതിനുശേഷം മതിയെന്നും ഗുപ്കാര്‍ സഖ്യം ആവശ്യപ്പെട്ടു. സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു. പ്രത്യേക പദവിയെക്കുറിച്ച് പരാമര്‍ശിച്ചില്ല. ജമ്മു -കശ്മീരില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രക്രിയയുമായി സഹകരിക്കുമെന്ന് ബിജെപി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി അധ്യക്ഷനായ യോഗത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, ജമ്മു – കശ്മീര്‍ ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ, പ്രധാനമന്ത്രി കാര്യാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ എന്നിവരും പങ്കെടുത്തു.
മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഗുലാംനബി ആസാദ്, മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള, സിപിഐ എം കേന്ദ്രക്കമ്മറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി തുടങ്ങിയവരാണ് രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധാനം ചെയ്തത്.
കശ്മീരില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതില്‍ പ്രതിജ്ഞാ ബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം നിയമസഭാ തെരഞ്ഞെടുപ്പ് നടത്തും. ദില്ലിയിലേക്കുള്ള ദൂരവും ഹൃദയങ്ങള്‍ തമ്മിലുള്ള ദൂരവും ഇല്ലാതാക്കാന്‍ താല്‍പ്പര്യപ്പെടുന്നുവെന്നും മോഡി പറഞ്ഞു.