നടപടി നോ പാര്‍ക്കിങ് മേഖലകളിലും കാല്‍നടക്കാരുടെ സീബ്രാലൈനിലും നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കെതിരെ
കണ്ണൂര്‍: നോ പാര്‍ക്കിങ് മേഖലകളിലും കാല്‍നടക്കാരുടെ സീബ്രാലൈനിലും നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. സംസ്ഥാനതലത്തില്‍ അനധികൃത പാര്‍ക്കിങ്ങിനെതിരെ നടത്തുന്ന ഡ്രൈവിന്റെ ഭാഗമായാണ് ജില്ലയിലും പരിശോധന നടത്തിയത്.
ജില്ലയിലെ വിവിധ മേഖലകളില്‍നിന്ന് 94 വാഹനങ്ങള്‍ പിടികൂടി. ഇവയില്‍നിന്ന് 23,500 രൂപ പിഴയീടാക്കി. കോര്‍പറേഷന്‍ പരിധിയിലെ 18 കേസുകള്‍ അടക്കം കണ്ണൂര്‍ താലൂക്ക് പരിധിയില്‍ മാത്രം 36 വാഹനങ്ങള്‍ക്കെതിരെയാണ് നടപടിയെടുത്തത്.
എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒയുടെ കീഴില്‍ 76 കേസുകളിലായി 19,000 രൂപയും കണ്ണൂര്‍ ആര്‍.ടി.ഒക്ക് കീഴില്‍ 18 കേസുകളില്‍ നിന്ന് 4,500 രൂപയുമാണ് പിഴയീടാക്കിയത്.
കണ്ണൂര്‍ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ഗതാഗതക്കുരുക്കിന് പ്രധാന കാരണം അനധികൃത പാര്‍ക്കിങ്ങാണെന്ന് കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച നടന്ന പരിശോധനയില്‍ കണ്ണൂര്‍ കാള്‍ടെക്സ് മുതല്‍ പുതിയ തെരു വരെയുള്ള റോഡില്‍ മറ്റ് വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്ന വിധം പാര്‍ക്ക് ചെയ്ത വാഹനയുടമകള്‍ക്കെതിരെ നടപടിയെടുത്തു.
കാള്‍ടെക്സ് മുതല്‍ വളപട്ടണം വരെ നീങ്ങുന്ന ഗതാഗതക്കുരുക്കിന് കാരണം ഇത്തരത്തിലുള്ള പാര്‍ക്കിങ്ങാണ്. ഈ മേഖലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി കഴിഞ്ഞദിവസം പൊലീസിൻ്റെയും നാട്ടുകാരുടെയും സഹായത്തോടെ തല്‍ക്കാലിക റോഡ് ഡിവൈഡര്‍ സ്ഥാപിച്ചിരുന്നു.
നോ പാര്‍ക്കിങ് ബോര്‍ഡിന് സമീപം നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കെതിരെയാണ് വ്യാഴാഴ്ച പ്രധാനമായും നടപടി സ്വീകരിച്ചത്. നോ പാര്‍ക്കിങ് മേഖലകളില്‍ നിര്‍ത്തിയിടുന്ന എല്ലാ വാഹനങ്ങള്‍ക്കെതിരെയും അടുത്ത ദിവസം നടപടിയുണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പധികൃതര്‍ അറിയിച്ചു. നിയമത്തെ വെല്ലുവിളിച്ച് നോ പാര്‍ക്കിങ് ബോര്‍ഡിന് താഴെ തന്നെ അലക്ഷ്യമായി നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ നഗരത്തിലെ പതിവുകാഴ്ചയാണ്.
തലശ്ശേരി, കൂത്തുപറമ്പ്, പയ്യന്നൂര്‍, തളിപ്പറമ്പ്, പാനൂര്‍, ഇരിട്ടി, പേരാവൂര്‍ ടൗണുകളിലെയും സ്ഥിതി മറിച്ചല്ല.
കാല്‍നടക്കാര്‍ക്ക് തടസ്സം സൃഷ്ടിക്കും വിധം സീബ്രാ ലൈനില് വണ്ടി നിര്‍ത്തിയിട്ടവര്‍ക്കെതിരെയും നടപടിയുണ്ടായി. വാഹനം നിര്‍ത്തിയിടാന്‍ അരികില്‍ സ്ഥലമുണ്ടായാലും റോഡിലേക്ക് കയറ്റി നിര്‍ത്തിയിടുന്നവര്‍ക്കെതിരെ വരും ദിവസങ്ങളില് നടപടി കടുപ്പിക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിൻ്റെ തീരുമാനം. ഓൺ ലൈനായാണ് പിഴയടക്കേണ്ടത്. പിഴ സംബന്ധിച്ച വിവരം ഫോണില്‍ സന്ദേശമായി വാഹനയുടമക്ക് ലഭിക്കും. ഓണ്‍ലൈനായി അടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ആര്‍.ടി ഓഫിസുകളിലും അക്ഷയ കേന്ദ്രങ്ങളിലും പണമടക്കാം.
Media wings: