ചാത്തന്നൂർ : കല്ലുവാതുക്കൽ ഊഴായ്ക്കോട്ട് കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. കുഞ്ഞിനെ ഉപേക്ഷിച്ചതിന് അമ്മ രേഷ്മ അറസ്റ്റിലായതിൽത്തന്നെ പല ചോദ്യങ്ങൾക്കും ഉത്തരമായിട്ടില്ല. വിവര ശേഖരണത്തിനായി പോലീസ് വിളിപ്പിച്ചതിനെത്തുടർന്ന് രണ്ടു യുവതികൾ ആത്മഹത്യചെയ്തതോടെ ആശയക്കുഴപ്പം വർധിച്ചിരിക്കുകയാണ്.
പ്രസവിച്ചയുടൻ കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച പെറ്റമ്മ തന്നെ അടുത്ത ദിവസം രാവിലെ ഏതോ ചോരക്കുഞ്ഞ് ഇവിടെ കിടക്കുന്നതായി പറയുന്നു. തന്റെ കുഞ്ഞാണെന്ന് അറിയാതെ അച്ഛൻ തന്നെ പൊക്കിൾക്കൊടി മുറിക്കുന്നു. മണിക്കൂറുകളോളം കുഞ്ഞ് സ്വന്തം വീട്ടിൽ അച്ഛനും അമ്മയും അടക്കമുള്ളവർക്കുമുന്നിൽ സഹതാപം പറ്റി കിടക്കുന്നു.
പ്രസവിച്ചു മണിക്കൂറുകൾ കഴിഞ്ഞതേയുള്ളെങ്കിലും അതിന്റെ ഒരു ക്ഷീണവുമില്ലാതെ അമ്മ തന്നെ പോലീസിനും ചാനലുകൾക്കും ബന്ധുക്കൾക്കും മുന്നിൽ കുഞ്ഞിനെ കിട്ടിയ കഥ പൊടിപ്പും തൊങ്ങലും ചേർത്ത് പറയുന്നു.
ജനുവരിയിലെ ഈ സംഭവങ്ങൾ കേട്ടാൽ സിനിമാക്കഥ പോലെ തോന്നും. ഫെയ്സ്ബുക്കിൽ പരിചയപ്പെട്ട കാമുകനൊപ്പം പോകാൻ കുഞ്ഞിനെ ഉപേക്ഷിച്ചെന്നായിരുന്നു അമ്മ രേഷ്മ(22)യുടെ മൊഴി. ഒൻപതു മാസത്തെ ഗർഭം വീട്ടുകാരെയും ഭർത്താവിനെയും ഒളിപ്പിച്ചതെങ്ങനെയെന്ന് പോലീസ് സംശയിക്കുന്നു.
ഈ വിവരങ്ങൾ രേഷ്മയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായ ആര്യക്കും ഗ്രീഷ്മയ്ക്കും അറിയാമായിരുന്നോയെന്ന വിവരം തേടാനാണ് പോലീസ് വിളിപ്പിച്ചത്. യുവതികൾ മരിച്ചതോടെ ഈ വഴിക്കുള്ള അന്വേഷണം മുടങ്ങി.
കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താൻ ശാസ്ത്രീയപരിശോധനകളും അന്വേഷണങ്ങളും നടത്തവേ തന്നെയും പരിശോധിക്കണമെന്ന് രേഷ്മ തന്നെയാണ് ആവശ്യപ്പെട്ടത്. ഡി.എൻ.എ. പരിശോധനയ്ക്ക് വിധേയയാക്കുമ്പോഴും പ്രതി ഉത്സാഹത്തോടെ സഹകരിക്കുകയായിരുന്നു. ഒടുവിൽ അറസ്റ്റിലായപ്പോൾ കുറ്റം സമ്മതിക്കുകയും സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്ന് സത്യം ചെയ്യുകയും ചെയ്തു.
ഫെയ്സ്ബുക്ക് കാമുകനൊപ്പം പോകാനായി കുഞ്ഞിനെ കൊന്നതാണെന്നും വെളിപ്പെടുത്തി. രേഷ്മ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ കുടുംബത്തിനൊന്നടങ്കം കോവിഡ് പോസിറ്റീവ് ആയതിനാൽ ചോദ്യം ചെയ്യൽ തടസ്സപ്പെട്ടിരിക്കുകയാണിപ്പോൾ.
യുവതികള്‍ ആറ്റില്‍ മരിച്ചനിലയില്‍
രേഷ്മയുടെ ബന്ധുക്കളായ രണ്ടു യുവതികളെ ഇത്തിക്കരയാറ്റിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൊഴിയെടുക്കാന്‍ പോലീസ് വിളിച്ചതിനെത്തുടര്‍ന്ന് ഇവരെ കാണാതാകുകയായിരുന്നു. രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ സഹോദരന് കല്ലുവാതുക്കല്‍ മേവനക്കോണം തച്ചക്കോട്ടുവീട്ടില്‍ രണ്‍ജിത്തിന്റെ ഭാര്യ ആര്യ (23), വിഷ്ണുവിന്റെ സഹോദരി രജിതയുടെ മകള്‍ ഗ്രീഷ്മ (ശ്രുതി-21) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
പ്രസവിച്ചയുടന്‍ കുഞ്ഞിനെ ഊഴായ്ക്കോട്ടുള്ള വീട്ടുവളപ്പിലെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച കേസില്‍ ഡി.എന്‍.എ. പരിശോധനയിലൂടെയാണ് രേഷ്മയാണ് അമ്മയെന്ന് പോലീസ് കണ്ടെത്തിയത്. ഇവര്‍ റിമാന്‍ഡിലാണ്.
ഇതിന്റെ തെളിവെടുപ്പിനായി ആര്യയും രണ്‍ജിത്തും വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് പാരിപ്പള്ളി സ്റ്റേഷനില്‍ എത്തണമെന്ന് പോലീസ് അറിയിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ ആര്യയെയും ഗ്രീഷ്മയെയും കാണാതായി. തങ്ങള്‍ പോകുകയാണെന്ന് കാട്ടി യുവതികള്‍ തയ്യാറാക്കിയ കത്ത് ഉച്ചയോടെ രണ്‍ജിത്തിന്റെ വീട്ടുകാര്‍ക്കു കിട്ടി.
വെള്ളിയാഴ്ച രാവിലെ മുതല്‍ സ്കൂബ ടീം ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ തിരച്ചിലില്‍ ഉച്ചയ്ക്ക് ഒരുമണിയോടെ മീനാട് കാഞ്ഞിരംകടവിനു സമീപത്തുനിന്ന് ആര്യയുടെ മൃതദേഹം കണ്ടെടുത്തു. വൈകീട്ട് നാലുമണിയോടെ ഇത്തിക്കര പാലത്തിനുനടുക്കുള്ള തൂണില്‍ തടഞ്ഞ നിലയില്‍ ഗ്രീഷ്മയുടെ മൃതദേഹവും കിട്ടി.
ആത്മഹത്യക്കുള്ള കാരണം ഇപ്പോഴും വ്യക്തമല്ല. ഇവരുടെകൂടി മൊഴി രേഖപ്പെടുത്തി മുന്നോട്ടുപോകാനുള്ള പോലീസിന്റെ നീക്കവും ഇതോടെ തടസ്സപ്പെട്ടു.
രേഷ്മ ഉപയോഗിച്ചിരുന്ന ഫോണിന്റെ സിം കാര്‍ഡ് ആര്യയുടെ പേരിലുള്ളതായിരുന്നു. ഇതുസംബന്ധിച്ചുള്ള വിവരശേഖരണത്തിനാണ് ആര്യയും ഭര്‍ത്താവും ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
യുവതികള്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് കല്ലുവാതുക്കലില്‍നിന്ന് കൊല്ലം ഭാഗത്തേക്ക് ബസില്‍ കയറിപ്പോകുന്നത് കണ്ടതായി അറിഞ്ഞു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരുടെ മൊബൈല്‍ ടവര്‍ ലോക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഇത്തിക്കര മാടന്നട ഭാഗവും ഇത്തിക്കര കൊച്ചുപാലവും പരിസരവുമാണെന്ന് വ്യക്തമായി.
ഇത്തിക്കര പാലത്തിലെ സി.സി.ടി.വി.ക്യാമറയില്‍ യുവതികളുടെ ദൃശ്യം പതിഞ്ഞിരുന്നു. ഇതോടെയാണ് ആറ്റില്‍ തിരച്ചില്‍ നടത്താന്‍ പോലീസ് തീരുമാനിച്ചത്.
ഇരുവരുടെയും മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ആര്യയുടെ മകന് അര്‍ജിത്ത് (ജിത്തു). ഗ്രീഷ്മയുടെ സഹോദരി രേഷ്മ. ബിരുദവിദ്യാര്‍ഥിനിയായിരുന്നു ഗ്രീഷ്മ.
ചാത്തന്നൂര്‍ എ.സി.പി. വൈ.നിസാമുദ്ദീന്‍, ഐ.എസ്.എച്ച്.ഒ.മാരായ അനീഷ്, ടി.സതികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും പരവൂരില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനയും കൊല്ലത്തുനിന്നെത്തിയ സ്കൂബ ടീമും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.