മുക്കം: സർക്കാർ ഓഫീസുകളിൽ മോഷണം പതിവാക്കിയ കൂടരഞ്ഞി സ്വദേശി തിരുവമ്പാടി പോലീസിൻ്റെ പിടിയിലായി. കൂടരഞ്ഞി കൊന്നം തൊടിയിൽ ബിനോയ് (38) ആണ് കണ്ണൂരിൽ വെച്ച് പിടിയിലായത്. 2021 മാർച്ച് 25ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഇറങ്ങിയ പ്രതി തിരുവമ്പാടി കെ എസ് ആർ ടി സി ഓഫീസിൽ സ്റ്റേഷൻ മാസ്റ്ററുടെ മൊബൈൽ ഫോണും പേഴ്സും 4000 രൂപയും രേഖകളും മോഷണം നടത്തിയത് . മോഷണം നടത്തിയ സംഭവത്തിൽ ഇയാളെ കുറിച്ച് പോലീസ് അന്വേഷിച്ച് വരുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പ്രതിയെ കണ്ണൂർ ടൗണിൽ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. കെ.എസ്.ആർ.ടി.സി ഓഫീസിൽ നിന്ന് 4000 രൂപയും മൊബൈൽ ഫോണുമാണ് മോഷണം പോയിരുന്നത്. സംഭവ ദിവസം തിരുവമ്പാടി കള്ളുഷാപ്പിലും തിരുവമ്പാടിയിലെ മൊബൈൽ ഷോപ്പിലും മോഷണ ശ്രമം നടത്തുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.കോഴിക്കോട് കണ്ണൂർ ജില്ലകളിലായി കോടതി, കലക്ട്രേറ്റ്, ksrtc ഓഫീസ് ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ മോഷണം നടത്തിയതിന് പ്രതിക്കെതിരെ കോഴിക്കോട് ടൗൺ, തലശ്ശേരി, നടക്കാവ്, കസബ, തളിപ്പറമ്പ്, കണ്ണൂർ ടൗൺ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. വിവിധ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ച് അടുത്ത ദിവസമാണ് ഇയാൾ പുറത്തിറങ്ങിയത്. തിരുവമ്പാടി എസ് ഐ കുമാരൻ, സി.പി.ഒ അനീസ്, ജിൻസിൽ, ഡ്രൈവർ ഷിനോജ് എന്നിവരടങ്ങിയ സംഘമാണ് കണ്ണൂരിലെത്തി പ്രതിയെ പിടികൂടിയത്. പ്രതി ബിനോയിയെ സംഭവസ്ഥലത്തെത്തിച്ച് തിരുവമ്പാടി പോലീസ് തെളിവെടുപ്പ് നടത്തി.