തീവ്രവ്യാപന ശേഷിയുള്ള കൊറോണാ വൈറസ് ഡെല്‍റ്റാ വകഭേദം രാജ്യത്തെ 174 ജില്ലയില്‍ സ്ഥിരീകരിച്ചു. ഡെല്‍റ്റാ വകഭേദം പരിണമിച്ചുണ്ടായ ഡെല്‍റ്റാ പ്ലസ് വകഭേദത്തിന്റെ സാന്നിധ്യം 12 സംസ്ഥാനത്ത് സ്ഥിരീകരിച്ചു.
രാജ്യത്ത് കോവിഡ് രണ്ടാംതരംഗം ശക്തമാകാന്‍ പ്രധാനകാരണം ഡെല്‍റ്റയാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മാര്‍ച്ചില്‍ 52 ജില്ലയില്‍ ഡെല്‍റ്റ സ്ഥിരീകരിച്ചിരുന്നു.
12 സംസ്ഥാനത്തെ 52 പേരില്‍ ഡെല്‍റ്റാ പ്ലസ് സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്ര –-22, തമിഴ്നാട്–-9, മധ്യപ്രദേശ്–-7, കേരളം–-3, പഞ്ചാബ്–-2, ഗുജറാത്ത്–-2, ഒഡിഷ, രാജസ്ഥാന്, ജമ്മു കശ്മീര്‍, ഹരിയാന, കര്‍ണാടക എന്നിവിടങ്ങളില്‍ ഓരോ കേസ് വീതവും സ്ഥിരീകരിച്ചു.
ഡെല്‍റ്റാ പ്ലസ് റിപ്പോര്‍ട്ട് ചെയ്ത ജില്ലകളില്‍ അടിയന്തര നിയന്ത്രണ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്ത് നല്കി. തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീര്‍ ചീഫ്സെക്രട്ടറിമാര്ക്കാണ് കത്ത് നല്‍കിയത്.
ഡെല്‍റ്റയേക്കാള്‍ അപകടകാരിയാണ് ഡെല്‍റ്റാ പ്ലസെന്ന് സ്ഥാപിക്കുന്ന തെളിവുകള്‍ ഇല്ലെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ഡയറക്ടര്‍ ഡോ. സുജീത്കുമാര്‍ പറഞ്ഞു.ഡെല്‍റ്റാ പ്ലസിന് എതിരെ നിലവിലെ വാക്സിനുകള്‍ എത്രത്തോളം ഫലപ്രദമാണെന്നത് ഐസിഎംആര്‍ പരിശോധിക്കുന്നുണ്ട്. അടുത്ത ആഴ്ച ഫലം പുറത്തുവരുമെന്ന് ഐസിഎംആര്‍ അറിയിച്ചു.
രണ്ടാം തരംഗം കഴിഞ്ഞില്ല
രാജ്യത്ത് രണ്ടാം തരംഗം അവസാനിച്ചെന്ന് ഇപ്പോള്‍ പ്രഖ്യാപിക്കാനാകില്ലെന്ന് ഐസിഎംആര്‍. എഴുപത്തഞ്ചോളം ജില്ലയില്‍ ഇപ്പോഴും രോഗ സ്ഥിരീകരണ നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. 92 ജില്ലയില്‍ അഞ്ച് ശതമാനത്തിനും 10 ശതമാനത്തിനും ഇടയിലാണ്.
ഈ സാഹചര്യത്തില്‍ രണ്ടാംതരംഗം അവസാനിച്ചെന്ന് പറയാനാകില്ലെന്നും ഡോ. ബല്‍റാം ഭാര്‍ഗവ ചൂണ്ടിക്കാട്ടി.