സ്ത്രീപീഡനക്കേസുകളില്‍ ഒന്നാമത് തലസ്ഥാനം
തിരുവനന്തപുരം – സംസ്ഥാനത്ത് സ്ത്രീപീഡനക്കേസുകളില്‍ തലസ്ഥാന ജില്ലയായ തിരുവനന്തപുരം ഒന്നാം സ്ഥാനത്ത്. 11 വര്‍ഷത്തിനിടെ സംസ്ഥാന വനിത കമ്മിഷന് കീഴില്‍ ഏറ്റവും കൂടുതല്‍ സ്ത്രീധന പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്.
2010 ജനുവരി ഒന്ന് മുതല്‍ 2021 ജൂണ്‍ 23 വരെയുള്ള കണക്കുകള്‍ പ്രകാരം 447 സ്ത്രീധന പീഡനക്കേസുകളാണ് തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ സ്ത്രീപീഡന കേസുകളും ഗാര്‍ഹിക പീഡനക്കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും ജില്ലയില്‍ തന്നെയാണ്. യഥാക്രമം 2544, 3476 എന്നിങ്ങനെയാണ് ഈ കേസുകളുടെ കണക്ക്.
ഇതില്‍ 1565 സ്ത്രീപീഡന കേസുകളും 2569 ഗാര്‍ഹിക പീഡന കേസുകളും കമ്മീഷന്‍ തീര്‍പ്പാക്കുകയും ചെയ്തു. കാസര്‍കോട് ജില്ലയിലാണ് 2010 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ഏറ്റവും കുറവ് സ്ത്രീധന പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്: 12.
സ്ത്രീപീഡനക്കേസുകളുടെ എണ്ണത്തില്‍ വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്:126.
ഇത് വനിത കമ്മീഷന് മുന്നില്‍ വന്ന മാത്രം കേസുകളുടെ എണ്ണമാണ്. സംസ്ഥാന പോലീസില്‍ കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷം ഇതു വരെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെ കണക്ക് ഇതിലും കൂടുതലാണ്. പോലീസിന്റെ കണക്ക് കൂടിയാകുമ്പോള്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് പതിന്മടങ്ങ് കവിയും.
സംസ്ഥാന പോലീസില്‍ കഴിഞ്ഞ വര്‍ഷം 12659 കുറ്റകൃത്യങ്ങളാണ് സ്ത്രീകള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ഏപ്രില്‍ വരെ 4707ഉം. ഇതില്‍ പീഡനം, സ്ത്രീകളെ ഉപദ്രവിക്കല്‍ കേസുകളാണ് അധികവും. കഴിഞ്ഞ ഒന്നര വര്‍ഷത്തിനകം 2500 ഓളം പീഡനക്കേസുകള്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ സ്ത്രീകളെ ഉപദ്രവിച്ച കേസുകള്‍ 5331 ആണ്.