ഗൾഫിൽ രണ്ടരലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം നൽകി 25 ഓളം പേരിൽ നിന്നായി ഒന്നരക്കോടി രൂപ തട്ടിയെടുത്ത ആലപ്പുഴ സ്വദേശിയെ പൊലിസ് പിടികൂടി. മുക്കം നഗരസഭയിലെ മണാശേരി സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം വീടെടുത്ത് ഒളിവിൽ കഴിയുകയായിരുന്ന ആലപ്പുഴ സ്വദേശി റോണി തോമസി (40) നെയാണ് കോട്ടയം ഗാന്ധിനഗർ പൊലിസ് പിടികൂടിയത്. ഗാന്ധിനഗർ സ്വദേശി റോയിയുടെ പരാതിയിലാണ് ഇയാളെ പിടികൂടിയത്. മകന്റെ ഭാര്യക്ക് കുവൈത്തിൽ ജോലി വാഗ്ദാനം നൽകി മൂന്നു തവണയായി 23 ലക്ഷം രൂപയാണ് റോയിയിൽ നിന്ന് ഇയാൾ തട്ടിയെടുത്തത്. കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. സമാനമായ രീതിയിൽ റാന്നിയിലും ഇയാൾ തട്ടിപ്പ് തടത്തിയതായി പരാതിയുണ്ടെന്ന് പൊലിസ് പറഞ്ഞു. കഴിഞ്ഞ അഞ്ച് മാസമായി കൊല്ലം സ്വദേശിയായ യുവതിയോടൊത്ത് വെസ്റ്റ് മാമ്പറ്റയിലെ വാടക വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. താൻ പ്രവാസിയായിരുന്നെന്നും കൂടെയുള്ള സ്ത്രീ സ്വന്തം ഭാര്യയാണെന്നുമാണ് ഇയാൾ അയൽവാസികളെ ധരിപ്പിച്ചിരുന്നത്. കൂടെയുണ്ടായിരുന്ന സ്ത്രീ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു. അഞ്ച് മാസത്തോളം വാടകയ്ക്ക് താമസിച്ചിരുന്ന പ്രതി അയൽവാസികളുമായി അടുപ്പം പുലർത്തിയിരുന്നില്ല. ചങ്ങനാശ്ശേരിയിലും മറ്റും ഒളിവിൽ കഴിഞ്ഞ ശേഷമാണ് പ്രതി മുക്കത്തെത്തിയത്. ആറു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലിസ് പ്രതിയെ പിടികൂടിയത്. ആർക്കിടെക്റ്റാണെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ കൂടെ താമസിപ്പിച്ചതെന്നും തട്ടിപ്പുമായി യുവതിക്ക് ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലിസ് പറഞ്ഞു. ഗാന്ധിനഗർ സ്റ്റേഷനിലെ അഡിഷണൽ എസ്.ഐ അരവിന്ദ് കുമാർ, എ.എസ്.ഐ രാജേഷ് ഖന്ന, സിവിൽ പൊലിസ് ഓഫിസർ പ്രവീൺ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. അതേസമയം പ്രതിയോടൊപ്പമുള്ള യുവതിക്ക് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതിനാൽ മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു ഇടപെട്ട് ഇവരെ എഫ്.എൽ.ടി.സിയിലേയ്ക്ക് മാറ്റി.