മോസ്‌കോ- സ്വതന്ത്ര മാധ്യമങ്ങളെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകളെ തേടി റഷ്യന്‍ പോലീസ്. ജേണലിസ്റ്റുകളുടേയും ബന്ധുക്കളുടേയും വീടുകളില്‍ പോലീസ് റെയ്ഡ് നടത്തി.
ചീഫ് എഡിറ്റര്‍ റോമന്‍ ബഡാമിന്‍, ജേണലിസ്റ്റ് മരിയ സൊലോബോവ എന്നിവരുടെ വീടുകളില്‍ പോലീസ് പരിശോധന നടത്തിയതായി പ്രോയക്റ്റ് (ദ പ്രോജക്ട്) അറിയിച്ചു. റഷ്യയില്‍ അന്വേഷണ റിപ്പോര്‍ട്ടുകളില്‍ പേരുകേട്ട സ്വതന്ത്ര മാധ്യമ സ്ഥാപനമാണിത്.
ഡെപ്യൂട്ടി എഡിറ്റര്‍ മിഖായില്‍ റൂബിനെ തടങ്കലിലാക്കിയ ശേഷമാണ് മാതാപിതാക്കളുടെ വീട്ടില്‍ റെയ്ഡ് നടത്തിയതെന്നും ജേണലിസ്റ്റിന്റെ കംപ്യൂട്ടറുകളും ഫോണുകളും പിടിച്ചെടുത്തതായും ദ പ്രോജക്ട് സമൂഹ മാധ്യമങ്ങളില്‍ അറിയിച്ചു.
ആഭ്യന്തര മന്ത്രി വഌദിമിര്‍ കൊളോകൊള്‍സവിന്റേയും മകന്റെയും മറ്റു ബന്ധുക്കളുടേയും അവിഹിത സമ്പാദ്യത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനിരിക്കെയാണ് പോലീസ് റെയ്ഡ്.