കാസര്‍ഗോഡ് ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലെ സ്ഥലപേരുകള്‍ മാറ്റാന്‍ കേരളം പദ്ധതിയൊരുക്കുന്നു എന്ന പ്രചരണം തള്ളി കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബു ഐഎഎസ്. പ്രചാരണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും അനാവശ്യ വിവാദങ്ങളുണ്ടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടപടിയുമായി ബന്ധപ്പെട്ട ഫയലുകളൊന്നും തനിക്ക് മുന്നില്‍ എത്തിയിട്ടില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.
കര്‍ണ്ണാടക- കേരള അതിര്‍ത്തി ഗ്രാമങ്ങളിലെ കന്നഡ ഭാഷയിലുള്ള സ്ഥലപേരുകള്‍ മലയാള വത്കരിക്കാന്‍ കേരളം നീക്കം നടത്തുന്നതായി ആയിരുന്നു അഭ്യൂഹങ്ങള്‍. പേരുമാറ്റാനുള്ള നീക്കം കന്നഡ ഭാഷയ്‌ക്കെതിരായ ആക്രമണമാണെന്ന് ആരോപിച്ച് കര്‍ണ്ണാടക ബോര്‍ഡര്‍ ഏരിയ ഡവലപ്‌മെന്റ് അതോറിറ്റി രംഗത്തുവന്നതോടെയായിരുന്നു വിവാദങ്ങള്‍ ആരംഭിച്ചത്. പിന്നീട് കന്നട വികസന സമിതിയും വിഷയം ഏറ്റെടുത്തിരുന്നു.
ഇതിനിടെ വിഷയം ഏറ്റെടുത്ത കേരളത്തിലെ ബിജെപി നേതൃത്വം കാസര്‍ഗോഡ് ജില്ലയിലെ ഭാഷാ ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരികത്തനിമയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും ആരോപിച്ചിരുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ പേരുമാറ്റ നടപടിയില്‍ നിന്ന് കേരളം പിന്മാറണമെന്നാവശ്യപ്പെട്ട് കര്‍ണ്ണാടക മുഖ്യമന്ത്രി യെദിയൂരപ്പ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയ പശ്ചാത്തലത്തില്‍ കൂടിയാണ് കളക്ടര്‍ തന്നെ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തുന്നത്.
മുന്‍പ് ഉത്തര്‍പ്രദേശിലെ ചില പ്രദേശങ്ങളുടെ പേരുമാറ്റത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളുമായി ചേര്‍ത്തായിരുന്നു കേരളത്തിനെതിരായുള്ള ഈ പ്രചാരണങ്ങള്‍ നടന്നിരുന്നത്.