ബെയ്ജിങ്- ചൈനയെ ഭീഷണിപ്പെടുത്താവുന്ന കാലം എന്നന്നേക്കുമായി അവസാനിച്ചതായി പ്രസിഡന്റ് ഷീ ജിന്‍പിങ്. തങ്ങളെ ഭീഷണിപ്പെടുത്താനോ അടിച്ചമര്‍ത്താനോ അടിമകളാക്കാനോ ഒരു വിദേശ ശക്തിയേയും ചൈനീസ് ജനത അനുവദിക്കില്ലെന്നും ആരെങ്കിലും ഇതിനു ശ്രമിച്ചാല്‍ 140 കോടി ചൈനക്കാര്‍ നിര്‍മ്മിച്ച ഉരുക്കു വന്മതിലിനു മുമ്പില്‍ രക്തച്ചൊരിച്ചില്‍ നടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രശസ്തമായ ടിയാന്മെന് ചത്വരത്തില്‍ ജനങ്ങളോട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കറുപ്പ് യുദ്ധങ്ങളുടെ അടിച്ചമര്‍ത്തലുകളുടേയും ചൈനയില്‍ സോഷ്യലിസ്റ്റ് വിപ്ലവം സ്ഥാപിക്കാനുള്ള പോരാട്ടങ്ങളുടേയും ചരിത്രം സ്മിരിച്ചുകൊണ്ടായിരുന്നു പ്രസിഡന്റിന്റെ പ്രസംഗം. ദശലക്ഷക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി ലോക വികസനത്തിന്റെ ഗതിമാറ്റി പാര്‍ട്ടി ഒരു ദേശീയ പുത്തനുര്‍ണവ് സാധ്യമാക്കിയെന്നും ഷീ ജിന്‍പിങ് പറഞ്ഞു.
1921ലാണ് മാവൊ സെ തുങും സഹപ്രവര്‍ത്തകരായ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് ചിന്തകരും ചേര്‍ന്ന് ഷാങ്ഹായില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്‍കിയത്. സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെ രാജ്യത്തെ പീപ്പിള്‍സ് റിപബ്ലിക് ഓഫ് ചൈന ആയി മാവോ പ്രഖ്യാപിച്ച ടിയാന്മെന് ചത്വരത്തില്‍ മാവൊയുടെ വേഷത്തെ അനുസ്മരിപ്പിക്കുന്ന വേഷംധരിച്ചാണ് ഷീ ജിന്‍പിങ് പ്രസംഗിച്ചത്.