കണ്ണൂർ: സ്ത്രീപീഡനത്തിനും കുട്ടികൾക്കുനേരെയുള്ള അതിക്രമങ്ങൾക്കുമെതിരെ സിപിഐ എം നേതൃത്വത്തിൽ എട്ട് വരെ നടക്കുന്ന സ്ത്രീപക്ഷ കേരളം ജനകീയ ക്യാമ്പയിന് തുടക്കമായി. വ്യാഴാഴ്ച വൈകിട്ട് ഏഴിന് ക്ലബ് ഹൗസിൽ ‘സ്ത്രീധനം സാമൂഹ്യതിന്മ’ എന്ന വിഷയത്തിൽ സംവാദം നടന്നു.
സിപിഐഎം കേന്ദ്രകമ്മിറ്റിയംഗവും മുൻ ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. എം വി നികേഷ് കുമാർ, അഡ്വ: രശ്മിത രാമചന്ദ്രൻ, അഡ്വ: ടി ഗീനാകുമാരി എന്നിവർ സംസാരിച്ചു. സിപിഐഎം കണ്ണൂർ ജില്ലാ സിക്രട്ടറി എം വി ജയരാജൻ മോഡറേറ്ററായി.
ഇന്നും നാളെയുമായി 18 ഏരിയാ കമ്മിറ്റികളുടെ ഫേസ്ബുക്ക് പേജിലൂടെ സാമൂഹ്യ – സാംസ്കാരിക, വനിതാ നേതാക്കളും അഭിഭാഷകരും പ്രഭാഷണം നടത്തും. നാല്, ആറ് തിയതികളിൽ ഗൃഹസന്ദർശനം.
ഏഴിന് വൈകിട്ട് ഏഴിന് കരിവെള്ളൂർ മുതൽ മയ്യഴി വരെ ദേശീയപാതയിലും ജില്ലയിലെ പ്രധാന പാതകളിലും ‘സ്ത്രീപക്ഷ കേരളം – ദീപമാല’ സംഘടിപ്പിക്കും. നാലുപേർ വീതമുള്ള ഗ്രൂപ്പുകൾ റോഡിൽ അണിനിരന്ന് ദീപം തെളിയിക്കും.
ദേശീയപാതയ്ക്ക് പുറമെ ചെറുപുഴ – പയ്യന്നൂർ, കൊട്ടിയൂർ – ചെറുപുഴ, ശ്രീകണ്ഠപുരം – മയ്യിൽ – പുതിയതെരു, താഴെചൊവ്വ – കൂത്തുപറമ്പ് – നിടുംപൊയിൽ, തലശേരി – കൂട്ടുപുഴ, ചൊവ്വ – മട്ടന്നൂർ – ഇരിട്ടി, പെരിങ്ങത്തൂർ – കൂത്തുപറമ്പ്, പയ്യാവൂർ – തളിപ്പറമ്പ്, ഇരിട്ടി – പേരാവൂർ, തലശേരി – മമ്പറം – അഞ്ചരക്കണ്ടി, ചാലോട് – ഇരിക്കൂർ, വളപട്ടണം – പഴയങ്ങാടി – പിലാത്തറ റോഡുകളിലും ദീപമാല സംഘടിപ്പിക്കും. എട്ടിന് 225 കേന്ദ്രങ്ങളിൽ സ്ത്രീപക്ഷ കേരളം കൂട്ടായ്മ സംഘടിപ്പിക്കും.
Media wings: