ദോഹ-അറബ് മേഖലയിൽ ആദ്യമായി നടക്കാനിരിക്കുന്ന ഖത്തർ 2022 ഫിഫ ലോകകപ്പ് സുസ്ഥിര വികസനത്തിന്റെ നൂതന മാതൃക സമ്മാനിക്കുമെന്ന് പരിസ്ഥിതി കാര്യങ്ങൾക്കായുള്ള അമേരിക്കൻ പ്രസിഡണ്ടിന്റെ പ്രത്യേക പ്രതിനിധി ജോൺ കെറി അഭിപ്രായപ്പെട്ടു. ടെലിഫോണിക് പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സൗഹൃദവും കാർബൺ വികിരണം കുറക്കുന്നതുമായ ലോക കപ്പാണ് ഖത്തറിൽ നടക്കാനിരിക്കുന്നത്.
പ്രധാനമായും എണ്ണയെയും ഗ്യാസിനെയും ആശ്രയിക്കുന്ന സമ്പദ്വ്യവസ്ഥകളെ വൈവിധ്യവത്കരിക്കുന്നതിനുള്ള പരിവർത്തന പ്രക്രിയയിൽ സഹായിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തർ. സാമ്പത്തിക രംഗത്തെ വൈവിധ്യവൽക്കരണത്തിലൂടെ ഖത്തർ ലോകത്തിന് മാതൃക കാണിക്കുകയാണ് .
ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ലോക രാജ്യങ്ങൾ തമ്മിൽ സഹകരിച്ച് കൂട്ടായ ശ്രമങ്ങളിലൂടെ പാരിസ്ഥിതിക സന്തുലിതത്വം ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇത്് സംബന്ധമായ മേഖലാടിസ്ഥാനത്തിലുള്ള സംവാദങ്ങളിൽ ഖത്തർ പങ്കെടുത്തിട്ടുണ്ട്. ഖത്തറിന്റെ പ്രായോഗികമായ മാതൃക സാമ്പത്തിക വൈവിധ്യവൽക്കരണ രംഗത്ത് ഏറെ പ്രയോജനം ചെയ്യുമെന്ന് കെറി പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനുള്ള പരിവർത്തന പ്രക്രിയയിൽ ഖത്തറിന്റെ നേതൃത്വം മാതൃകയായിരിക്കുമെന്ന് ഞങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ട്. ഹരിത സംരംഭങ്ങളെ സുസ്ഥിരമായി എങ്ങനെ നടപ്പാക്കാം എന്നത് പ്രായോഗികമായി ലോകത്തിന് കാണിച്ചുകൊടുക്കുന്നതിന് ഖത്തറിന് ലഭിച്ച അവസരമാണ് 2022 ഫിഫ ലോക കപ്പെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മേഖലയിലെ മറ്റ് രാജ്യങ്ങളെപ്പോലെ ഖത്തറും വിവിധ തരത്തിലുള്ള സാമ്പത്തിക ഉത്തേജനങ്ങൾ കൊണ്ടുവന്ന് സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാൻ ശ്രമിക്കുകയാണ് . വിദ്യാഭ്യാസം, ആരോഗ്യം, ഹോസ്പിറ്റാലിറ്റി , ടൂറിസം മേഖലകളിലിലൊക്കെ ഇത്തരത്തിലുള്ള മാതൃകപരമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സ്ഥിതിഗതികൾ നേരിൽ കണ്ട് വിലയിരുത്താൻ ഖത്തർ സന്ദർശിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് കെറി പറഞ്ഞു.