വയനാടിന്റെ ടൂറിസം വികസനത്തിന് സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. ജില്ലയിലെ ടൂറിസം- പൊതുമരാമത്ത് പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനാണ് എം.എല്‍.എമാരും എം.പിമാരും ഉള്‍പ്പെടെയുള്ളവരുടെ യോഗം മന്ത്രി വിളിച്ചു ചേര്‍ത്തത്.
വയനാടിനെ രാജ്യത്തെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വയനാടിന്റെ ടൂറിസം വികസനത്തിന് അടുത്ത ഓണത്തിനു മുമ്പായി പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. ഇതിനായി ജനപ്രതിനിധികള്‍, ജില്ലാ ഭരണകൂടം, ടൂറിസം വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ യോജിച്ച പ്രവര്‍ത്തനം ഉറപ്പ് വരുത്തും.
വയനാടിനായി പ്രത്യേക ടൂറിസം സര്‍ക്യൂട്ട് രൂപപ്പെടുത്തും.