കോഴിക്കോട് ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കോഴിക്കോട്:കോവിഡ്-19 ന്റെ രണ്ടാം ഘട്ട വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്താകെ ലോക് ഡൗൺ ഏർപ്പെടുത്തിയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ 4 കാറ്റഗറിയായി തിരിച്ച് നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്നതാണ്. ഒരോ ആഴ്ചയിലെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അവലോകനം ചെയ്തത് പ്രകാരം ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ എ, ബി, സി, ഡി കാറ്റഗറികളായി വേർതിരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും പോലീസിന്റെയും സഹായത്തോടെ നിരന്തരമായി നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും ഏർപ്പെടുത്തിയതിന്റെ ഫലമായി കോഴിക്കോട് ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിൽനിന്ന് കുറഞ്ഞ് 11.70% ആയിട്ടുണ്ട്. എന്നിരുന്നാലും ജില്ലയിലെ ചില പ്രദേശങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു നിൽക്കുന്നതായും കാണുന്നുണ്ട്. സർക്കാർ നിർദ്ദേശ പ്രകാരം ആഴ്ച തോറുമുള്ള ടെസ്റ്റ് പോസിറ്റിവിറ്റി താരതമ്യം ചെയത് തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കോവിഡ് വ്യാപനം കുറച്ച് കൊണ്ടുവരുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാകളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ 4 കാറ്റഗറിയായി തരംതിരിക്കുന്നതാണ്.

*കാറ്റഗറി എ (ടി പി ആർ 5% ത്തിൽ താഴെ)*

1. എല്ലാവിധ സർക്കാർ /അർദ്ധസർക്കാർ സ്ഥാപനങ്ങൾ പൊതുമേഘലാ സ്ഥാപനങ്ങൾ / സ്വയം ഭരണ സ്ഥാപനങ്ങൾ കമ്പനി / കോർപ്പറേഷനുകൾ, ബാങ്കുകൾ, ധനകാര്യസ്ഥാപനങ്ങൾ, എന്നിവ 100% ജീവനക്കാരെ വച്ച് പ്രവർത്തനം നടത്താവുന്നതാണ്.

2. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാവിധത്തിലുള്ള കടകളും അക്ഷയ കേന്ദ്രങ്ങളും , ജനസേവന കേന്ദ്രങ്ങളും ഉൾപ്പെടെ രാവില 7.00 മണി മുതൽ വൈകിട്ട് 7.00 മണിവരെ തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്.

3. ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പൊതുജനങ്ങൾക്കായി പ്രവർത്തനം നടത്താവുന്നതും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ പ്രവർത്തനം നടത്താവുന്നതാണ് .

4. എല്ലാ വിധ പരീക്ഷകളും അനുവദനീയമാണ് (ശനി,ഞായർ ഉൾപ്പെടെ)

5. ടാക്സി / ഒട്ടോറിക്ഷ വാഹനങ്ങൾക്ക് സർവ്വീസ് നടത്താവുന്നതാണ്. ടാക്സികളിൽ (ഡ്രൈവർ അടക്കം) 4 പേരെയും ഓട്ടോറിക്ഷകളിൽ (ഡ്രൈവർ അടക്കം) 3 പേരെയും യാത്രക്ക് അനുവദിക്കാവുന്നതാണ് .

6. ബീവറേജസ് കോർപ്പറേഷന്റെ ഔട്ട് ലെറ്റുകളിൽനിന്നും ബാറുകളിൽനിന്നും മദ്യം പാർസലായി വാങ്ങാവുന്നതാണ്.

7. ശാരീരിക അകലം പാലിച്ച് കായിക വിനോദങ്ങൾ നടത്താവുന്നതാണ് ജിംനേഷ്യങ്ങൾ എയർകണ്ടിഷൻ പ്രവർത്തിപ്പിക്കാതെ പരമാവധി 20 പേരെ വെച്ച് പ്രവർത്തിപ്പിക്കാവുന്നതാണ്. പ്രഭാത സവാരിയും, സായാഹ്ന സവാരിയും സാമൂഹിക അകലം പാലിച്ച് നടത്താവുന്നതാണ്.

8. ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും രാവിലെ 7.00 മണിമുതൽ വൈകിട്ട് 9.30 മണിവരെ പാർസൽ സംവിധാനം, ഹോംഡെലിവറി നടത്താവുന്നതുമാണ്.

9. വീട്ടുജോലികൾക്കുള്ള തൊഴിലാളികൾക്ക് യാത്രകൾ അനുവദനീയമാണ്.

10. ആരാധനാലയങ്ങളിൽ കർശന കോവിഡ് പ്രോട്ടോകോൾ പാലിച്ച് പരമാവധി 15 പേർക്ക് കുറഞ്ഞ സമയത്തേക്ക് പ്രവേശനം അനുവദിക്കാവുന്നതാണ്

11. പൊതുഗതാഗതം അനുവദനീയമാണ്. എല്ലാ ബസുകൾക്കും സർവ്വീസ് നടത്താവുന്നതാണ് .എന്നാൽ സീറ്റിംഗ് കപ്പാസിറ്റിയിൽ കൂടുതൽ യാത്രക്കാരെ അനുവദിക്കാൻ പാടുള്ളതല്ല. ഈ നിബന്ധനകൾ ലംഘിക്കപ്പെട്ടാൽ ബസ്സുടമകൾക്കും ജീവനക്കാർക്കുമെതിരെ നടപടി സ്വീകരിക്കുകയും ബസ്സിൽ നിന്ന് യാത്ര ചെയ്യുന്നവർക്കെതിരെ പിഴ ചുമത്തുകയും ചെയ്യുന്നതാണ്.

*കാറ്റഗറി ബി (ടി പി ആർ 5% മുതൽ 10% വരെ)*

1. എല്ലാ വിധ സർക്കാർ /അർദ്ധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഘലാ സ്ഥാപനങ്ങൾ / സ്വയം ഭരണ സ്ഥാപനങ്ങൾ, കമ്പനി /കോർപ്പറേഷനുകൾ, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ 100% ജീവനക്കാരെ വച്ച് പ്രവർത്തനം നടത്താവുന്നതാണ്.

2. ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പൊതുജനങ്ങൾക്കായി പ്രവർത്തനം നടത്താവുന്നതും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ പ്രവർത്തനം നടത്താവുന്നതാണ്.

3. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അവശ്യവസ്തുക്കൾ വിൽപ്പന നടത്തുന്ന എല്ലാ കടകളും രാവില 7.00 മണിമുതൽ വൈകിട്ട് 7.00 മണിവരെ 50% ജീവനക്കാരെ വെച്ച് എല്ലാ ദിവസങ്ങളിലും തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്. മറ്റ് വാണിജ്യ സ്ഥാപനങ്ങൾ 50% ജീവനക്കാരെ വെച്ച് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിപ്പിക്കാവുന്നതാണ്.

4. അക്ഷയകേന്ദ്രങ്ങളും ജനസേവനകേന്ദ്രങ്ങളും എല്ലാദിവസവും രാവിലെ 7.30 മണി മുതൽ വൈകിട്ട് 7.00 മണിവരെ തുറന്ന് പ്രവർത്തിക്കാവുന്നതാണ് .

5. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും 50% ജീവനക്കാരെ വെച്ച് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രവർത്തിപ്പിക്കാവുന്നതാണ് .

6. എല്ലാ വിധ പരീക്ഷകളും അനുവദനീയമാണ് (ശനി, ഞായർ ഉൾപ്പെടെ)

7. ബീവറേജസ് കോർപ്പറേഷന്റെ ഔട്ട് ലെറ്റുകളിൽനിന്നും ബാറുകളിൽനിന്നും മദ്യം പാർസലായി വാങ്ങാവുന്നതാണ്.

8. ശാരീരിക അകലം പാലിച്ച് കായിക വിനോദങ്ങൾ നടത്താവുന്നതാണ്. ജിംനേഷ്യങ്ങൾ എയർകണ്ടിഷൻ പ്രവർത്തിപ്പിക്കാതെ പരമാവധി 20 പേരെ വെച്ച് പ്രവർത്തിപ്പിക്കാവുന്നതാണ്. പ്രഭാത സവാരിയും സായാഹ്ന സവാരിയും സാമൂഹിക അകലം പാലിച്ച് നടത്താവുന്നതാണ് .

9. ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും രാവിലെ 7.00 മണിമുതൽ വൈകിട്ട് 9.30 മണിവരെ പാർസൽ സംവിധാനം, ഹോംഡെലിവറി നടത്താവുന്നതുമാണ്.

10. വീട്ടുജോലികൾക്കുള്ള തൊഴിലാളികൾക്ക് യാത്രകൾ അനുവദനീയമാണ്

11. ആരാധനാലയങ്ങളിൽ കർശന കോവിഡ് പ്രോട്ടോകോൾ പാലിച്ച് പരമാവധി പേർക്ക് കുറഞ്ഞസമയത്തേക്ക് പ്രവേശനം അനുവദിക്കാവുന്നതാണ്

12. പൊതുഗതാഗതം അനുവദനീയമാണ് എല്ലാ ബസുകൾക്കും സർവ്വീസ് നടത്താവുന്നതാണ് .എന്നാൽ സീറ്റിംഗ് കപ്പാസിറ്റിയിൽ കൂടുതൽ യാത്രക്കാരെ അനുവദിക്കാൻ പാടുള്ളതല്ല. ഈ നിബന്ധനകൾ ലംഘിക്കപ്പെട്ടാൽ ബസ്സുടമകൾക്കും ജീവനക്കാർക്കുമെതിരെ നടപടി സ്വീകരിക്കുകയും ബസ്സിൽ നിന്ന് യാത്ര ചെയ്യുന്നവർക്കെതിരെ പിഴ ചുമത്തുകയും ചെയ്യുന്നതാണ് .

*കാറ്റഗറി സി (ടി പി ആർ 10% മുതൽ 15% വരെ)*

1. എല്ലാ വിധ സർക്കാർ /അർദ്ധസർക്കാർ സ്ഥാപനങ്ങൾ പൊതുമേഘലാ സ്ഥാപനങ്ങൾ / സ്വയം ഭരണ സ്ഥാപനങ്ങൾ കമ്പനി /കോർപ്പറേഷനുകൾ /ബാങ്കുകൾ ധനകാര്യസ്ഥാപനങ്ങൾ എന്നിവ 50% ജീവനക്കാരെ റൊട്ടേഷൻ അടിസ്ഥാനത്തിൽ വെച്ച് പ്രവർത്തനം നടത്താവുന്നതാണ്. ബാക്കിയുള്ള ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നടപ്പാക്കാവുന്നതാണ്.

2. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ രാവിലെ 7.00 മണിമുതൽ വൈകിട്ട് 7.00 മണിവരെ തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ് .

3. വിവാഹ പാർട്ടികൾക്കായി ടെക്സ്റ്റൈൽസ് ജുവലറി ചെരുപ്പ് കടകൾ തുടങ്ങിയവയും വിദ്യാഭ്യാസ ആവശ്യത്തിനുള്ള ബുക്കുകൾ വിൽപ്പന നടത്തുന്ന കടകളും അവശ്യഉപകരണങ്ങളുടെയും വാഹനങ്ങളുടെയും റിപ്പയർ ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കടകളും എല്ലാ വെള്ളിയാഴ്ചയും രാവിലെ 7.00 മണി മുതൽ വൈകിട്ട് 7.00 മണിവരെ തുറന്ന് പ്രവർത്തിപ്പാക്കവുന്നതാണ്.

4. ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും രാവിലെ 7.00 മണി മുതൽ വൈകിട്ട് 7.00 മണിവരെ പാർസൽ/ഹോം ഡെലിവറി സംവിധാനം നടപ്പിലാക്കാവുന്നതാണ്.

*കാറ്റഗറി ഡി (ടി പി ആർ 15% ത്തിന് മുകളിൽ)*

1. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രം രാവിലെ 7.00 മണിമുതൽ വൈകിട്ട് 7.00 മണിവരെ തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്.

2. ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും ഹോം ഡെലിവറി മാത്രം അനുവദിക്കുന്നതാണ് .

മേൽ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങൾക്ക് പുറമെ ഇനിയൊരു സർക്കാർ ഉത്തരവ് ഉണ്ടാവുന്നത് വരെ എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണ് ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പനകേന്ദ്രങ്ങൾ മാത്രം ഈ ദിവസങ്ങളിൽ രാവിലെ 7.00 മണി മുതൽ വൈകിട്ട് 7.00 മണിവരെ തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്.

മേൽപറഞ്ഞ നിബന്ധനകൾ പാലിക്കപ്പെടേണ്ടത് സ്ഥാപനങ്ങളുടെ മേധാവികളുടെയും പൗരൻമാരുടെയും ഉത്തരവാദിത്വമാണ്. ഈ നിബന്ധനകൾ പാലിക്കപ്പെടുന്നില്ലെങ്കിൽ കേവിഡ് വ്യാപനത്തിന് കാരണമാവും. ആയതിനാൽ ഈ നിബന്ധനകളുടെ ലംഘനം പൊതുജനാരോഗ്യ ദുരന്തത്തിലേക്ക് വഴി തെളിയിക്കും. നിരോധനങ്ങൾ ലംഘിക്കപ്പെടുന്നവർക്കെതിരെ PC-269 188 പ്രകാരമുള്ള നടപടികൾ ജില്ലാ പോലീസ് മേധാവികൾ സ്വീകരിക്കേണ്ടതാണ്. പൊതുജനാരോഗ്യത്തെയും ദുരന്തനിവാരണത്തെയും കണക്കിലെടുത്ത് ഇക്കാര്യത്തിൽ വിട്ടുവീഴ്ചകൾ അനുവദനീയമല്ല. ഇക്കാര്യങ്ങൾ ഉറപ്പുവരുത്താനായി സെക്ടർ മജിസ്ട്രേറ്റുമാരെ നിയമിച്ചിട്ടുണ്ട്. നിയമ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ സെക്ടർ മജിസ്ട്രേറ്റുമാർ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട SHO യ്ക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഇതിനു പുറമെ ജില്ലയിലെ എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും പോലീസിന്റെ നിരീക്ഷണം ഉണ്ടാവേണ്ടതുമാണ്.

spot_img

Related Articles

Latest news