മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാവില്ല : ഹൈക്കോടതി

കൊച്ചി: മദ്യശാലയ്ക്ക് മുന്നിലെ ആൾക്കൂട്ടത്തിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ബെഞ്ച് സർക്കാരിന്‍റെ വിശദീകരണം തേടി. ചൊവ്വാഴ്ചയ്ക്ക്കം വിശദീകരണം നൽകണം.

കൊവിഡ് കാലത്ത് ഇത്തരം ആൾകൂട്ടമുണ്ടാകുന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. ഫോട്ടോകളും വീഡിയോയും പരിശോധിച്ചാണ് കോടതി പരമാർശം. വീഴ്ചയുണ്ടെങ്കിൽ പരിശോധിക്കുമെന്നും ഒരു മീറ്റർ അകലം പാലിച്ച് ആളുകളെ നിർത്താൻ നിർദ്ദേശം നൽകിയെന്നും സർക്കാർ വ്യക്തമാക്കി.

ജൂലൈ 2 ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അയച്ച കത്തിന്‍റെ അടിസ്ഥാനത്തിലാണ് മദ്യശാലകൾക്ക് മുന്നിലെ ആൾകൂട്ടത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തത്. ഒരു നിയന്ത്രണവും പാലിക്കാതെയുള്ള ഈ നീണ്ട നിര കൂടുതൽ ആപൽക്കരമായ സാഹചര്യം ഉണ്ടാക്കുമെന്നായിരുന്നു കത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടികാട്ടിയത്. മൂന്നാം തരംഗത്തിന് കാരണമായേക്കാവുന്ന ഈ നടപടിയെ ന്യായീകരിക്കാൻ ആകില്ല. ക്യൂവിൽ നിന്ന് വീട്ടിലെത്തുന്നവർ കുടുംബത്തിലേക്കും രോഗ വ്യാപനമുണ്ടാകുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിൽ പറയുന്നു.

കത്തിൽ ഉൾപ്പെടുത്തിയ ഫോട്ടോകളടക്കം നോക്കി കൊവിഡ് കാലത്തെ ക്യൂവിൽ ചീഫ് ജസ്റ്റിസ് ആശങ്ക രേഖപ്പെടുത്തി. കൊവിഡ് മാ‍ർഗരേഖ പാലിച്ച് ഒരു മീറ്റർ അകലത്തിൽ വേണം ആളുകളെ നിർത്താൻ എന്ന് കർശന നിർദ്ദേശം ബിവറേജസ് കോർപ്പറേഷന് സർക്കാർ നൽകിയിരുന്നതായി അറ്റോർണി കോടതിയെ അറിയിച്ചു.

spot_img

Related Articles

Latest news