പ്രധാനമന്ത്രി പദ്ധതികൾ ഉദ്ഘാടനം ചെയ്യും
ന്യൂഡൽഹി : സ്വന്തം പാർലമെന്റ് മണ്ഡലമായ വാരാണസിയിൽ സന്ദർശത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. 421.5 കോടിയുടെ 65 പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടിയാണ് അദ്ദേഹം വാരാണസിയിലെത്തുന്നത്. കൃത്യമായ തീയ്യതി നിശ്ചയിച്ചിട്ടില്ലെങ്കിലും ഈ മാസം അവസാനത്തോടെ പ്രധാനമന്ത്രി സ്വന്തം നിയോജക മണ്ഡലം സന്ദർശിക്കുമെന്ന് സർക്കാരുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങൾ അറിയിച്ചു.
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പെട്രോ കെമിക്കൽസ് എൻജിനീയറിംഗ് ആന്റ് ടെക്ക്നോളജി (സിഐപിഇടി) ഉൾപ്പെടെയുള്ള പദ്ധതികളാകും സന്ദർശനത്തിനിടെ അദ്ദേഹം ഉദ്ഘാടനം ചെയ്യുക. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വാരാണസിയിലെത്തിയിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതും പുരോഗമിക്കുന്നതുമായ നിരവധി പദ്ധതികൾ അദ്ദേഹം പരിശോധിക്കുകയും ഉദ്യോഗസ്ഥരുമായി അവലോകന യോഗം നടത്തുകയും ചെയ്തിരുന്നു.
186 കോടി ചെലവിൽ നിർമ്മിക്കുന്ന അന്താരാഷ്ട്ര കൺവെൻഷൻ സെന്ററായ രുദ്രാക്ഷും അദ്ദേഹം സന്ദർശിച്ചു. ഇന്ത്യ-ജപ്പാൻ സൗഹൃദത്തിന്റെ പ്രതീകമായാണ് രുദ്രാക്ഷ് നിർമ്മിക്കുന്നത്.