കോഴിക്കോട് പയ്യാനക്കൽ ചാമുണ്ടി വളപ്പിൽ അഞ്ചുവയസ്സുകാരി ആയിഷ റെന കൊല്ലപ്പെട്ടത് ഉമ്മയുടെ അന്ധവിശ്വാസത്തെ തുടര്‍ന്നെന്ന സംശയത്തിൽ പൊലീസ്.
മാനസിക വിഭ്രാന്തി കാട്ടിയതിനെ തുടർന്ന് സമീറ നിലവിൽ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലാണുള്ളത്. ഇവർക്ക് മനോരോഗമുള്ളതായി ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് അന്വേഷണ ചുമതലയുള്ള പന്നിയങ്കര പൊലീസിന്റെ നിഗമനം. ഇവർ നേരത്തെ ചികിത്സ തേടിയതായി കണ്ടെത്താനായിട്ടില്ല. മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ മെഡിക്കൽ റിപ്പോർട്ട് ലഭിച്ച ശേഷം അറസ്റ്റ് ഉൾപ്പെടെ തുടർനടപടി സ്വീകരിക്കുമെന്നും സൂചന.
സമീറക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്നും തൂവാലകൊണ്ടോ തലയിണ കൊണ്ടോ ശ്വാസം മുട്ടിച്ചതാകാം എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
ബുധനാഴ്ചയാണ് പയ്യാനക്കല്‍ ചാമുണ്ഡി വളപ്പില്‍ നവാസ്-സമീറ ദമ്പതികളുടെ മകള്‍ ആയിഷ റെന മരിച്ചത്.
വീട്ടില്‍ നിന്ന് ബഹളം കേട്ടത്തിയ നാട്ടുകാരാണ് കുട്ടിയെ ബോധരഹിതയായി കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിൽ ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
കൂടുതൽ മൊഴികൾ ഇന്ന് എടുത്തേക്കും എന്നാണ് സൂചന.