മുസ്ലിം സ്ത്രീകളെ വിൽപ്പനക്ക് വെച്ച് സുള്ളി ഡീൽ; സൈറ്റിൽ ഹന ഖാൻെയും ചിത്രം.

ന്യൂദൽഹി-മുസ്ലിം സ്ത്രീകളെ വിൽപ്പനക്ക് വെച്ചിരിക്കുന്നുവെന്ന് പരസ്യം നൽകി വിവാദമായ വെബ്‌സൈറ്റിനെതിരെ കൂടുതൽ പരാതികൾ. കൊമേഴ്‌സ്യൽ പൈലറ്റ് ഹന ഖാനാണ് ഏറ്റവും ഒടുവിൽ പരാതിയുമായി രംഗത്തെത്തിയത്. ഹന ഖാന്റെ ഒരു സുഹൃത്താണ് ഇവരുടെ ചിത്രം വെബ്‌സൈറ്റിലുള്ള വിവരം അറിയിച്ചത്. ഇന്നത്തെ ദിവസത്തെ ഡീൽ എന്ന പരസ്യം നൽകിയാണ് ഹനയുടെ ചിത്രം പ്രസിദ്ധീകരിച്ചത്. ആപ്ലിക്കേഷന്റെ മുഖപേജിൽ അറിയപ്പെടാത്ത ഒരു യുവതിയുടെ ചിത്രമാണ്. അടുത്ത രണ്ടു പേജുകളിൽ ഹനയുടെ സുഹൃത്തുക്കളുടെ ചിത്രമുണ്ട്. തൊട്ടടുത്ത പേജിലാണ് ഹനയുടെ ചിത്രം. 83 ചിത്രങ്ങളാണ് സൈറ്റിൽ ഹന കണ്ടത്. ട്വിറ്ററിൽനിന്നാണ് തന്റെ ചിത്രവും വിശദാംശങ്ങളും എടുത്തതെന്നും ഹന വ്യക്തമാക്കി. ഇരുപത് ദിവസം മുമ്പ് പ്രവർത്തനം തുടങ്ങിയ വെബ്‌സൈറ്റിനെ പറ്റി കഴിഞ്ഞദിവസം മാത്രമാണ് അറിഞ്ഞതെന്നും ഹന പറഞ്ഞു. തന്റെ മതം മാത്രമാണ് തന്നെ ലക്ഷ്യമിട്ട് ഇത്തരത്തിൽ നീക്കം നടത്താനുള്ള കാരണം. ഞാനൊരു മുസ്ലിം ആയതുകൊണ്ടാണ്. എന്നാൽ ഞങ്ങളെ നിശബ്ദരാക്കാൻ ആർക്കുമാകില്ല.-ഹന വ്യക്തമാക്കി. മാധ്യമപ്രവർത്തകരടക്കം നിരവധി പ്രമുഖ മുസ്ലിം വനിതകളുടെ ചിത്രങ്ങളാണ് വെബ്‌സൈറ്റ് ഇത്തരത്തിൽ പ്രസിദ്ധീകരിച്ചത്. വനിതകളുടെ ചിത്രങ്ങൾ മുസ്ലീം സ്ത്രീകൾ ലേലത്തിൽ എന്ന കുറിപ്പോടെയാണ് സുള്ളി ഡീൽ എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചത്. സൈറ്റിനെതിരെ കേസെടുത്തു. ഗിറ്റ് ഹബ് എന്ന പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് സുള്ളി ഡീൽ വെബ്‌സൈറ്റ് ഉണ്ടാക്കിയിരിക്കുന്നത്. ദൽഹി പൊലീസ് ഗിറ്റ് ഹബിനും നോട്ടീസ് അയച്ചിട്ടുണ്ട്. സൈറ്റ് പൂട്ടിയതായി ഗിറ്റ് ഹബ് വ്യക്തമാക്കി.

സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ മുസ്ലീം വനിതകളുടെ ചിത്രങ്ങളാണ് ദുരുപയോഗം ചെയ്തത്. ഇരയായവരിൽ വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, മാധ്യമപ്രവർത്തകർ എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുണ്ട്. ഒരോ ദിവസവും ഓരോ മുസ്ലീം സ്ത്രീയുടെ ഫോട്ടോ അപ്ലോഡ് ചെയ്ത ശേഷം വെബ്‌സൈറ്റ് സന്ദർശിക്കുന്നവരോട് ലേലം വിളിക്കാൻ ആവശ്യപ്പെടുന്നതാണ് വെബ്‌സൈറ്റിന്റെ രീതി. ജൂലായ് നാല് മുതലാണ് വെബ്‌സൈറ്റിനെ കുറിച്ചുള്ള വാർത്തകൾ ട്വിറ്ററിലൂടെ പുറത്തുവരുന്നത്. ഇരുപത് ദിവസത്തോളം പ്രവർത്തിച്ച വെബ്‌സൈറ്റ് ഇതിന് ശേഷം സൈബർ സെൽ ഇടപെട്ട് പൂട്ടിക്കുകയായിരുന്നു. മലയാളികളടക്കം സൈറ്റിന്റെ ഇരയായിട്ടുണ്ട്.
ദേശീയ വനിതാ കമ്മീഷനും ദൽഹി വനിതാ കമ്മീഷനും സംഭവത്തിൽ സ്വമേധയാ കേസെടുത്തു.മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയ കേസ് രജിസ്റ്റർ ചെയ്ത കമീഷൻ ജൂലായ് 12 നകം രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ പകർപ്പ്, അറസ്റ്റു ചെയ്തവരുടെ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് സമർപ്പിക്കണമെന്നും ദൽഹി പൊലീസിനോട് ആവശ്യപ്പെട്ടു. ആശങ്കയുളവാക്കുന്ന സംഭവമാണ് ഇതെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് വ്യക്തമാക്കി. നിയമപാലകരും ദേശീയ വനിത കമീഷനും വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും തെറ്റുചെയ്തവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും ഗിൽഡ് ആവശ്യപ്പെട്ടു.

spot_img

Related Articles

Latest news