ജൂലൈ 22ന് ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കും
ഹജ്ജ് തീര്‍ഥാടകര്‍ക്ക് മക്കയിലേക്ക് ജൂലൈ 17, 18 തീയതികളില്‍ പ്രവേശനത്തിന് അനുമതി നല്‍കും. ജൂലൈ 18 ന് തുടങ്ങുന്ന ഹജ്ജ് കര്‍മ്മങ്ങള്‍ ജൂലൈ 22 ന് അവസാനിക്കും.
മക്കയിലെത്തുന്ന തീര്‍ഥാടകരെ നാലു കേന്ദ്രങ്ങളിലൂടെയാണ് മക്കയില്‍ പ്രവേശിപ്പിക്കുക. ജൂലൈ 20നാണ് പെരുന്നാളെന്നും സുപ്രധാന കര്‍മമായ അറഫ സമ്മേളനം ജൂലൈ 19ന് നടക്കുമെന്നും അറിയിച്ചിട്ടുണ്ട്.
മക്കയിലെത്തുന്ന തീര്‍ഥാടകരെ വിശുദ്ധ മസ്ജിദുല്‍ ഹമാറിലേക്ക് കഅബ പ്രദക്ഷിണത്തിനായി ബസ്സുകളില്‍ കൂട്ടിക്കൊണ്ടു പോകുകയാണ് ചെയ്യുക. 20 പേര്‍ അടങ്ങുന്ന ഹാജിമാരുടെ ഓരോ സംഘത്തിനും ഓരോ ഹെല്‍ത്ത് എസ്‌കോര്‍ട്ട് ഉണ്ടാകും.
സൗദിയില്‍ താമസിക്കുന്ന സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 60,000 പേര്‍ക്കാണ് ഇത്തവണ ഹജ്ജിന് അനുമതി നല്‍കിയിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണിത്. ഇതിനകം തന്നെ രജിസ്‌ട്രേഷന്‍ നടപടികളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.
ഹജ്ജ് പെര്‍മിറ്റില്ലാതെ മക്കയില്‍ പ്രവേശിക്കുന്നവരെ കണ്ടെത്തുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ശക്തമായ പരിശോധന ആരംഭിച്ചു. ഇങ്ങനെ അനധികൃതമായി മക്കയില്‍ പ്രവേശിച്ച 52 പേര്‍ക്കെതിരെ നടപടി എടുത്തതായി അധികൃതര്‍ വ്യക്തമാക്കി.