സിക്ക വൈറസ് പരിശോധനയ്‌ക്ക്‌‌ കേരളം സുസജ്ജം

സിക്ക വൈറസ് പരിശോധന നടത്താന്‍ സംസ്ഥാനം സുസജ്ജമാണെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, ആലപ്പുഴ എന്‍.ഐ.വി. യൂണിറ്റ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി സിക്ക വൈറസ് പരിശോധന നടത്തുന്നത്. എന്‍.ഐ.വി. പൂനയില്‍ നിന്നും ഈ ലാബുകളിലേക്ക് സിക്ക വൈറസ് പരിശോധന നടത്താന്‍ കഴിയുന്ന 2100 പി.സി.ആര്‍. കിറ്റുകള്‍ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം 1000, തൃശൂര്‍ 300, കോഴിക്കോട് 300, ആലപ്പുഴ എന്‍.ഐ.വി. 500 എന്നിങ്ങനെയാണ് ടെസ്റ്റ് കിറ്റുകള്‍ ലഭിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, സിക്ക എന്നിവ പരിശോധിക്കാന്‍ കഴിയുന്ന 500 ട്രയോപ്ലക്‌സ് കിറ്റുകളും സിക്ക വൈറസ് മാത്രം പരിശോധിക്കാന്‍ കഴിയുന്ന 500 സിങ്കിള്‍ പ്ലക്‌സ് കിറ്റുകളുമാണ് ലഭിച്ചത്. മറ്റ് മൂന്ന് ലാബുകളില്‍ സിക്ക പരിശോധിക്കാന്‍ കഴിയുന്ന സിങ്കിള്‍ പ്ലക്‌സ് കിറ്റുകളാണ് ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ആര്‍.ടി.പി.സി.ആര്‍. പരിശോധന വഴിയാണ് സിക്ക വൈറസ് സ്ഥിരീകരിക്കുന്നത്. രക്തം, മൂത്രം എന്നീ സാമ്പിളുകളിലൂടെയാണ് സിക്ക വൈറസ് പരിശോധന നടത്തുന്നത്. രക്ത പരിശോധനയിലൂടെ സിക്ക വൈറസ് കണ്ടെത്താനാണ് പൂന എന്‍.ഐ.വി. നിര്‍ദേശിച്ചിരിക്കുന്നത്. രോഗം സംശയിക്കുന്നവരുടെ 5 എം.എല്‍. രക്തം ശേഖരിക്കുന്നു. രക്തത്തില്‍ നിന്നും സിറം വേര്‍തിരിച്ചാണ് പി.സി.ആര്‍. പരിശോധന നടത്തുന്നത്. തുടക്കത്തില്‍ ഒരു പരിശോധനയ്ക്ക് 8 മണിക്കൂറോളം സമയമെടുക്കും.

സംസ്ഥാനത്ത് കൂടുതല്‍ ലാബുകളില്‍ സിക്ക വൈറസ് പരിശോധന നടത്താനുള്ള സൗകര്യമൊരുക്കുന്നതാണ്. മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേയുള്ള കേസുകള്‍ പബ്ലിക് ഹെല്‍ത്ത് ലാബിലും പരിശോധിക്കാനുള്ള സംവിധാനമുണ്ടാക്കും. സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുവാന്‍ കഴിയുന്ന 27 സര്‍ക്കാര്‍ ലാബുകളാണുള്ളത്. കോവിഡ് വ്യാപന സമയത്ത് കൂടുതല്‍ ആര്‍.ടി.പി.സി.ആര്‍. ലാബുകള്‍ സര്‍ക്കാര്‍ സജ്ജമാക്കിയിരുന്നു. കൂടുതല്‍ ടെസ്റ്റ് കിറ്റുകള്‍ എത്തുന്ന മുറയ്ക്ക് ആവശ്യമെങ്കില്‍ ഈ ലാബുകളിലും എന്‍.ഐ.വി.യുടെ അനുമതിയോടെ സിക്ക പരിശോധന നടത്താന്‍ സാധിക്കുന്നതാണ്.

സംസ്ഥാനത്ത് സിക്ക വൈറസ് പ്രതിരോധം ഊര്‍ജിതമാക്കിയിട്ടുണ്ട്. പനി, ചുവന്ന പാടുകള്‍, ശരീരവേദന എന്നീ ലക്ഷണങ്ങളോടെ ആശുപത്രികളിലെത്തുന്ന രോഗികളെ പ്രത്യേകിച്ചും ഗര്‍ഭിണികളെ സിക്ക വൈറസ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

spot_img

Related Articles

Latest news