ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഭരണം പൂര്‍ണ്ണമായും തകര്‍ന്നെന്ന് കാട്ടി യോഗി ആദിത്യനാഥിന് മുന്‍ ഉദ്യോഗസ്ഥരുടെ കത്ത്. പോലീസില്‍ ഉന്നത സ്ഥാനം വഹിച്ചിരുന്നവരും ഉന്നതോദ്യോഗസ്ഥരായിരുന്ന 74 പേരും ഉള്‍പ്പെടെ നാലു പേജിലായി എഴുതിയിരിക്കുന്ന കത്തില്‍ 200 പേര്‍ ഒപ്പു വെച്ചിട്ടുണ്ട്.
ഐഎഎസുകാര്‍ ഐപിഎസുകാര്‍ ഐഎഫ്‌എസുകാര്‍ എന്നിവരെല്ലാമാണ് കത്തില്‍ ഒപ്പുവെച്ചിട്ടുള്ളത്. നിര്‍ബന്ധിതമായ കരുതല്‍ തടങ്കല്‍, സമാധാന പരമായ സമരത്തിന് മേല്‍ പോലീസ് ആക്രമണം, ജുഡീഷ്യല്‍ കൊലപാതകങ്ങള്‍, ലവ് ജിഹാദ് നിയമം വെച്ച് മുസ്‌ളീങ്ങളെ ലക്ഷ്യമിടുക. പശുകശാപ്പിന്റെ പേരില്‍ മാന്യന്മാരുടെയും പേരില്‍ ദേശീയ സുരക്ഷാ നിയമം ദുരുപയോഗം ചെയ്യുക എന്നിവയെല്ലാം ഭരണകൂടം ചെയ്യുന്നതായി കത്തില്‍ വിമര്‍ശിക്കുന്നു.
യുപിയിലെ നിലവിലെ ഭരണസംവിധാനത്തിന് മുന്നറിയിപ്പ് എന്ന രീതിയില്‍ തുടങ്ങിയിരിക്കുന്ന കത്തില്‍ ഈ രീതിയിലുള്ള ഭരണം ഭരണഘടനയുടെ മൂല്യങ്ങളില്‍ നിന്നും നിയമങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നതാണെന്നും പറയുന്നു. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ്, പൊലീസ് തുടങ്ങി ഭരണത്തിന്റെ എല്ലാ ശാഖകളും തകര്‍ന്നു. ഇക്കാര്യം പരിശോധനയ്ക്ക് ഇടയാക്കാതിരുന്നാല്‍ വ്യവസ്ഥകളും സ്ഥാപനങ്ങളും മോശമാകാനും ജനാധിപത്യം തകരാനും ഇടയാകുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിനൊപ്പം കോവിഡ് കൈകാര്യം ചെയ്തതിലെ പ്രതിസന്ധി എണ്ണമില്ലാതെയുള്ള മരണങ്ങളും ആരോഗ്യ സംവിധാനങ്ങളുടെ വീഴ്ച എന്നിവയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഓരോ ഹെഡ്ഡിന് കീഴിലാണ് ഓരോ കാര്യങ്ങളും കാണിച്ചിരിക്കുന്നത്. ഹത്രാസ് കേസുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ കേരളത്തിലെ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ്കാപ്പന്റെ കേസും ഇതില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ വേട്ടയാടുന്നതായും പറയുന്നു.
200 ദിവസമായി കാപ്പന്‍ ജയിലില്‍ കഴിയുകയാണ്. യുപിയിലെ ആരോഗ്യ സംവിധാനത്തിന്റെ പിഴവ് ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ എടുത്ത ശിക്ഷാ നടപടികളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ തവണ അധികാരത്തില്‍ വന്നതു മുതല്‍ പക്ഷാഭേദമായിട്ടാണ് പെരുമാറുന്നതെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ ഇത് മനസ്സില്‍ കണ്ടുകൊണ്ടു വേണം സമീപിക്കാനെന്നും പറയുന്നു.
ഇക്കാര്യത്തില്‍ യുപി സര്‍ക്കാര്‍ മേല്‍ക്കൈ കാട്ടണമെന്നും ഇക്കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവന്നില്ലെങ്കില്‍ സാമൂഹ്യ ധ്രുവീകരണത്തിനും പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നും പറഞ്ഞു. ലക്ഷദ്വീപ് വിഷയത്തില്‍ പുതിയ ഭരണകൂടത്തിനെതിരേ പ്രതിരോധം തീര്‍ക്കുന്നവരണ് കത്തെഴുതിയത്.