മുഖ്യമന്ത്രി സംസാരിച്ചാലും തീരുമാനം മാറ്റില്ല: കിറ്റെക്സ്

കേരള സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ പൊട്ടക്കി​ണറ്റി​ലെ തവളയുടേത്

കൊച്ചി: കേരളം വ്യവസായസൗഹൃദമാണെന്ന സര്‍ക്കാരിന്റെ അവകാശവാദം പൊട്ടക്കിണറ്റിലെ തവളയുടെ പറച്ചിലാണെന്ന് കിറ്റെക്സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സാബു എം. ജേക്കബ് പറഞ്ഞു. നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ 50 വര്‍ഷം പിന്നിലാണ് കേരളം. അയല്‍സംസ്ഥാനങ്ങളിലെ സ്ഥിതി പഠിക്കാന്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും തയ്യാറാകണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തില്‍ ആസൂത്രണം ചെയ്ത 3,500 കോടി രൂപയുടെ പദ്ധതികള്‍ തെലങ്കാനയില്‍ നടപ്പാക്കാനുള്ള തീരുമാനം മുഖ്യമന്ത്രി സംസാരിച്ചാലും മാറ്റില്ല. കേരളത്തിലെ സ്ഥാപനങ്ങള്‍ തുടരും. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പ്രതികാരത്തോടെ പെരുമാറി പ്രവര്‍ത്തിക്കാന്‍ പറ്റാതാക്കിയാല്‍ ഇവിടത്തെ യൂണിറ്റുകളും അടച്ചുപൂട്ടി മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റും. നാടിനോടുള്ള സ്നേഹവും കടപ്പാടുംകൊണ്ടാണ് ഇത്രയുംകാലം സഹിച്ചത്. വ്യവസായത്തിനൊപ്പം നാടും വളരണമെന്നായിരുന്നു പിതാവ് ജേക്കബിന്റെ ആഗ്രഹം

പ്രാദേശിക രാഷ്ട്രീയക്കാരുടെ ഇടപെടല്‍ മറ്റിടങ്ങളില്‍ അനുവദിക്കില്ല. കേരളത്തിലെ പദ്ധതി ഉപേക്ഷിച്ച്‌ തെലങ്കാനയ്ക്ക് പോയപ്പോള്‍ കിറ്റെക്സിന്റെ ഓഹരിമൂല്യം 19 ശതമാനമാണ് വര്‍ദ്ധിച്ചത്. ഒറ്റ ദിവസം 200 കോടി വര്‍ദ്ധിച്ചു. നിക്ഷേപസൗഹൃദമല്ല കേരളമെന്നതിന് സാമ്ബത്തികമേഖല നല്‍കിയ അംഗീകാരമാണത്.

അനുമതികള്‍ക്ക് ഏകജാലകം സൃഷ്ടിച്ചതാണ് നേട്ടമായി കേരളം പറയുന്നത്. മറ്റിടങ്ങളില്‍ 25 വര്‍ഷം മുമ്ബ് നടപ്പാക്കിയതാണത്. ഐ പാസ്, ഇ പാസ് തുടങ്ങിയ സംവിധാനങ്ങളാണ് മറ്റു സംസ്ഥാനങ്ങള്‍ നടപ്പാക്കുന്നത്. നിക്ഷേപര്‍ക്ക് 10 വര്‍ഷത്തേക്ക് ആവശ്യമായ മുഴുവന്‍ ലൈസന്‍സുകളും ഉടനടി നല്‍കും. 10 വര്‍ഷം കഴിഞ്ഞ് പുതുക്കിത്തരും. ഒരു പഞ്ചായത്ത് ഓഫീസില്‍ പോലും സംരംഭകന്‍ കയറിയിറങ്ങേണ്ട.

നിക്ഷേപത്തിന്റെ പലിശയില്‍ റിബേറ്റ് നല്‍കാന്‍ അയല്‍സംസ്ഥാനങ്ങള്‍ തയ്യാറാണ്. ആയിരം കോടി നിക്ഷേപിച്ചാല്‍ 250 കോടി രൂപ വരെ റിബേറ്റായി ലഭിക്കും. തുടര്‍ച്ചയായ വൈദ്യുതി, വെള്ളം, ഗതാഗതസൗകര്യം എന്നിവ നല്‍കും. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ പരിശോധനകള്‍ നടത്തൂ. പ്രശ്നങ്ങളും പരാതികളും മന്ത്രിമാരുള്‍പ്പെടെ നേരിട്ടിടപെട്ട് പരിഹരിക്കും. 10 വര്‍ഷത്തേക്ക് സംസ്ഥാന ജി.എസ്.ടി ഉള്‍പ്പെടെ ഒഴിവാക്കി വിവിധ ആനുകൂല്യങ്ങള്‍ അയല്‍സംസ്ഥാനങ്ങള്‍ നല്‍കുന്നുണ്ട്.

തെലങ്കാന വ്യവസായമന്ത്രി ഒരു സി.ഇ.ഒയെപ്പോലെയാണ് പെരുമാറിയത്. നിക്ഷേപത്തെക്കാള്‍ തൊഴില്‍ ഉറപ്പാക്കുകയാണ് പ്രധാനമെന്നാണ് ക്ഷണിച്ച ഒമ്ബത് സംസ്ഥാനങ്ങളും അറിയിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനുമായി 18 വര്‍ഷമായി കുടുംബപരമായ ബന്ധവും അടുപ്പവുമുണ്ട്. ബിസിനസ് ആവശ്യത്തിന് ബന്ധം ഉപയോഗിച്ചില്ല. ജൂണ്‍ 29ന് പ്രശ്നങ്ങള്‍ ഉന്നയിച്ചിട്ടും ഒരു ക്ളാര്‍ക്ക് പോലും വിളിച്ചില്ല, ചര്‍ച്ചയ്ക്ക് തയ്യാറായില്ല.

കിറ്റെക്സിനെ തകര്‍ക്കാനും പൂട്ടിക്കാനും ഗൂഢാലോചന നടത്തിയത് ആരാണെന്ന് തെളിവുകള്‍ സഹിതം വെളിപ്പെടുത്തും. തെളിവുകള്‍ ശേഖരിച്ചുവരികയാണ്. കോണ്‍ഗ്രസ്, സി.പി.എം എം.എല്‍.എമാര്‍ ശ്രമത്തിന് പിന്നിലുണ്ട്.

മുന്‍ കോണ്‍ഗ്രസുകാരനും ഇപ്പോള്‍ സി.പി.എമ്മുകാരനുമായ കുന്നത്തുനാട് എം.എല്‍.എ പി.വി. ശ്രീനിജിനാണ് കിറ്റെക്സിനെതിരെ മുന്നില്‍ നില്‍ക്കുന്നത്. സി.പി.എം, കോണ്‍ഗ്രസ് കൂട്ടുകെട്ടിന്റെ കാരണവും ഇതാണ്. സി.പി.എം ജില്ലാ കമ്മിറ്റിയിലെ ചിലര്‍ക്കും ഇഷ്ടക്കേടുണ്ട്. പാര്‍ട്ടിയെ സംരക്ഷിക്കാനാകാം തന്നെ മുഖ്യമന്ത്രി വിമര്‍ശിക്കുന്നത്.

spot_img

Related Articles

Latest news