40 വർഷത്തിലേറെയായി സൈക്കിളിലാണ് മണിയൂർ പോതി മുക്കിലെ വായോത്ത് ശ്രീധരന്റെ യാത്ര. പെട്രോൾ വില സെഞ്ച്വറി കടക്കുമ്പോഴും ആശങ്കയില്ലാതെ ജീവിതപാത ചവിട്ടിക്കയറുകയാണ് ശ്രീധരൻ.
70ന്റെ നിറവിലും സന്തത സഹചാരിയായ സൈക്കിളി ലാണ് ശ്രീധരന്റെ യാത്ര. 40 വർഷത്തിലേറെയായി ഇത് തുടരുന്നു. വിവാഹത്തിനും മരണത്തിനും മണിയൂർ അങ്ങാടികളിലേക്കുമെല്ലാം യാത്ര സൈക്കിളിൽ തന്നെ. അകലെയുള്ള വടകരയിലേക്കും കുറ്റ്യാടിയിലേക്കുമൊന്നും ബസിൽ പോകാറേയില്ല.
ക്ഷീരകർഷകനായ ശ്രീധരൻ അതിരാവിലെ സൊസൈറ്റിയിൽ പാൽ എത്തിക്കുന്നത് മുതൽ രാത്രി വരെ സൈക്കിളും കൂടെയുണ്ടാവും. ദിവസം ശരാശരി മുപ്പതിലേറെ കിലോമീറ്ററാണ് സൈക്കിൾ യാത്ര. കോവിഡ് മഹാമാരിക്കാല ത്തും യാത്ര സൈക്കിളിലായതിനാൽ അധികൃതർ തടയില്ലെന്ന സൗകര്യവുമുണ്ട്.
എണ്ണവില കുതിക്കുന്ന ഇക്കാലത്ത് മോട്ടോർ സൈക്കിളിനെ മാത്രം ആശ്രയിക്കുന്ന യുവതലമുറയോട് ഒടുങ്ങാത്ത പരിഭവമുണ്ട് ഇദ്ദേഹത്തിന്. സൈക്കിൾ സാമ്പത്തിക ലാഭത്തിന് പുറമെ ശാരീരികാരോഗ്യത്തിനും സഹായിക്കുമെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ജീവിത ശൈലീ രോഗങ്ങളൊന്നും ബാധിച്ചിട്ടില്ല.
ഇന്ധനവില ഇങ്ങനെ കുതിച്ചാൽ സമീപഭാവിയിൽ എല്ലാവരും സൈക്കിളിനെ ആശ്രയിക്കുമെന്നും അങ്ങനെ സൈക്കിളിന് നല്ല കാലം വരുമെന്ന പ്രതീക്ഷയിലുമാണ് ഇയാൾ.