ജിദ്ദ- സൗദിയിലേക്ക് വരുന്നതിനായി യാത്ര പാക്കേജ് വഴി സെര്‍ബിയയില്‍ എത്തിയ മലയാളികള്‍ ദുരിതത്തിലായെന്ന് റിപ്പോര്‍ട്ട്. കേരളത്തിലെ വിവിധ ട്രാവല്‍സുകള്‍ വഴി സെര്‍ബിയയില്‍ എത്തിയ പ്രവാസികളാണ് ഒരു നേരത്തെ ആഹാരം പോലും ലഭിക്കാതെ ദുരിതത്തിലായിരിക്കുന്നതെന്ന് അവിടെ കുടുങ്ങിയിരിക്കുന്ന യാത്രക്കാർ അറിയിച്ചു.
നിയമ വ്യവസ്ഥകളില്‍ മാറ്റം വന്നുവെന്ന് പറഞ്ഞു വന്‍ തുക ഈടാക്കി പിസിആര്‍ ടെസ്റ്റ് നടത്തിയെന്നും പണമില്ലാത്തവരെ പോലീസില്‍ ഏല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു.
താമസിക്കാനുള്ള സൗകര്യമോ ഭക്ഷണമോ, കുടിവെള്ളം പോലുമോ ലഭിക്കുന്നില്ല. സൗദി ക്വാറന്റൈന് ഇല്ലാതെ 2.60 ലക്ഷം രൂപ വരെ നല്‍കിയാണ് പലരും പാക്കേജ് തെരഞ്ഞെടുത്തതെന്നും പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി സെര്‍ബിയയില്‍ ഇറങ്ങിയവരാണ് കടുങ്ങിയിരിക്കുന്നത്. രണ്ടു ദിവസം മുമ്പ് ദല്‍ഹിയില്‍ എത്തിച്ച ഇവരെ സെര്‍ബിയന്‍ യാത്രയുടെ തൊട്ട് മുമ്പ് ഇന്ത്യക്കാര്‍ ഏഴു ദിവസം നിര്‍ബന്ധിത ക്വാറന്റൈന് കഴിയണമെന്നും രണ്ടു നിര്‍ബന്ധ പിസിആര്‍ ടെസ്റ്റ് ചെയ്യണമെന്നും ഉള്‍പ്പെടെയുള്ള പുതിയ നിയമം സെര്‍ബിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതായി അറിയിച്ചിരുന്നു. സെര്‍ബിയയില്‍ ഇറങ്ങിയ ശേഷം ഹോട്ടലില്‍ എത്തിച്ച ഏജന്‍സികള്‍ രണ്ടു പിസിആര്‍ ടെസ്റ്റ് നടത്തായാനായുള്ള ഏകദേശം ഇരുപതിനായിരം രൂപ അടക്കാതെ ഇവരെ ബസില്‍ നിന്ന് പുറത്തിറക്കാന്‍ പോലും അനുവദിച്ചില്ല. മുഴുവന്‍ ആളുകളും പണം നല്കിയ ശേഷമാണ് ഇവരെ ഹോട്ടലില്‍ ഇറക്കിയത്.
തുടര്‍ന്ന് ഹോട്ടലിന് മുകളില്‍ ക്വാറന്റൈന്റെ പേരില്‍ അടിസ്ഥാന സൗകര്യം പോലുമില്ലാത്ത സ്ഥലത്താണ് താമസിപ്പിച്ചതെന്നും പറയുന്നു. ക്വാറന്റൈനില്‍ ആയതിനാല്‍ പുറത്ത് പോയി ഭക്ഷണം കഴിക്കാന്‍ സാധിക്കുകയുമില്ല. ഇവിടെയുള്ള ഹോട്ടലുകാര്‍ ഇന്ത്യക്കാരെ മുതലെടുക്കുകയാണ്. കുടിവെള്ളത്തിന് പോലും പണം ആവശ്യപ്പെടുന്നു. ചെലവിനായി കരുതിയ ഇരുപതിനായിരം രൂപ ഒറ്റയടിക്ക് തന്നെ പിസിആര്‍ റെസ്റ്റിനായി ചെലവഴിക്കേണ്ടി വന്നുവെന്നും യാത്രക്കാർ പറഞ്ഞു.
സെര്‍ബിയ വഴിയുള്ള പാക്കേജ് എടുക്കുന്നവര്‍ രണ്ടു വട്ടം ആലോചിച്ച ശേഷമേ എടുക്കാവൂ എന്ന് യാത്രക്കാർ മുന്നറിയിപ്പ് നല്കുന്നു.